സൗദി അറേബ്യയിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

By Web TeamFirst Published Aug 16, 2021, 11:45 AM IST
Highlights

എംബസിയിൽ അംബാസഡർ ഡോ. ഔസാഫ് സഈദ് പതാക ഉയർത്തിയതോടെ ആഘോഷത്തിന് തുടക്കമായി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ദേശീയ പതാക ഉയര്‍ത്തി. 

റിയാദ്: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം സൗദി അറേബ്യയിലെ ഇന്ത്യൻ മിഷന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയിൽ ഞായറാഴ്ച രാവിലെ അംബാസഡർ ഡോ. ഔസാഫ് സഈദ് പതാക ഉയർത്തിയതോടെ ആഘോഷത്തിന് തുടക്കമായി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം ദേശീയ പതാക ഉയര്‍ത്തി. 

ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രസംഗം അംബാസഡർ വായിച്ചൂ. ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സൗദിയും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റേത് കൂടിയാണെന്ന് അംബാസഡർ പറഞ്ഞു. തലേന്ന് രാത്രിയിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ പ്രവാസി വ്യവസായി സിദ്ദീഖ് അഹമ്മദിന് അംബാസഡർ സമ്മാനിച്ചു. 

റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കുളും പ്രവാസി പ്രതിഭകളും അണിനിരന്ന വിവിധ കലാപരിപാടികൾ അരങ്ങേറി. ഇന്ത്യൻ സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രമുഖരും മാധ്യമ പ്രവർത്തകരും സ്വദേശി പ്രമുഖരും ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. ഇന്ത്യൻ എംബസി മീഡിയ സെക്രട്ടറി റിത്തു യാദവ് സ്വാഗത പ്രസംഗം നടത്തി.

ജിദ്ദയില്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പ്രസംഗം വായിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യാ ഫോറം സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാർഥിനികള്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ചു. 'ആസാദി കാ അമൃത് മഹോത്സവ്' ലോഗോ പ്രകാശനം കോണ്‍സല്‍ ജനറല്‍ നിർവഹിച്ചു. 

കോൺസുലേറ്റ് ഹാളിൽ ഒരുക്കിയ ചരിത്ര കലാപ്രദർശനം അദ്ദേഹം ഉദ്‌ഘാടനം ചെയ്തു. കോൺസൽമാരായ വൈ. സാബിര്‍, ഹംന മറിയം, കോൺസുലേറ്റ് ഉദ്യോഗസ്ഥർ, സ്വദേശികളടക്കമുള്ള പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഷഹന്‍ഷ, ബിലാല്‍, ഇഷ, മാജിദ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

click me!