വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി കൂടിക്കാഴ്‍ച നടത്തി

By Web TeamFirst Published Nov 26, 2020, 11:20 AM IST
Highlights

ബുധനാഴ്‍ച അബുദാബിയിലെത്തിയ എസ്. ജയ്‍ശങ്കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകള്‍ ശൈഖ് മുഹമ്മദിനെ അറിയിച്ചു. പ്രധാനമന്ത്രിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ശൈഖ് മുഹമ്മദും തന്റെ ആശംസകള്‍ കൈമാറി. 

അബുദാബി: ത്രിരാഷ്‍ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി കൂടിക്കാഴ്‍ച നടത്തി.  ഇന്ത്യക്കും യുഎഇക്കും ഇടയിലുള്ള തന്ത്രപ്രധാനമായ നയതന്ത്ര ബന്ധത്തെക്കുറിച്ചും പരസ്‍പര സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.

ബുധനാഴ്‍ച അബുദാബിയിലെത്തിയ എസ്. ജയ്‍ശങ്കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകള്‍ ശൈഖ് മുഹമ്മദിനെ അറിയിച്ചു. പ്രധാനമന്ത്രിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ശൈഖ് മുഹമ്മദും തന്റെ ആശംസകള്‍ കൈമാറി. കൊവിഡ് വ്യാപനം, മഹാമാരിയെ പിടിച്ചുകെട്ടുന്നതിനും പ്രതിരോധിക്കുന്നതിനും പരസ്‍പര സഹകരണത്തിന്റെ പ്രധാന്യം തുടങ്ങിയവയും ചര്‍ച്ചയില്‍ വിഷയമായി. ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള അന്താരാഷ്‍ട്ര വിഷയങ്ങളിലും അഭിപ്രായം പങ്കുവെച്ചു.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ ശക്തമായാതായി ഇരുനേതാക്കളും വിലയിരുത്തി. അത് സഹായമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് രാജ്യങ്ങളിലെയും ഭരണാധികാരികള്‍ക്ക് നന്ദി അറിയിച്ചു. ഇന്ത്യന്‍ നയതന്ത്ര സംഘത്തിന് പുറമെ യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ്, അബുദാബി എക്സിക്യൂട്ടീവ് അഫയേഴ്‍സ് അതോരിറ്റി ചെയര്‍മാന്‍ ഖല്‍ദൂന്‍ ഖലീഫ അല്‍ മുബാറക്, അബുദാബി ക്രൌണ്‍ പ്രിന്‍സ് കോര്‍ട്ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറക് അല്‍ മസ്‍റൂഇ തുടങ്ങിയവരും കൂടിക്കാഴ്‍ചയില്‍ പങ്കെടുത്തു.

click me!