സൗദിയിലെ ഇന്ത്യന്‍ സമൂഹം റിപ്പബ്ലിക്​ ദിനം ആഘോഷിച്ചു

By Web TeamFirst Published Jan 27, 2020, 5:08 PM IST
Highlights

റിയാദ്​ ഇന്ത്യൻ എംബസിയിലും അംബാഡർ ഡോ. ഔസാഫ്​ സഈദും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖും പതാക ഉയർത്തി. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ ദേശീയ ഗാനം ആലപിച്ചു. ശേഷം ഇരുവരും ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.

റിയാദ്​: ഇന്ത്യയുടെ 71ാമത്​ റിപ്പബ്ലിക്​ ദിനം സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹം സമുചിതമായി ആഘോഷിച്ചു. റിയാദ്​ ഇന്ത്യൻ എംബസിയിലും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും വിവിധ ഇന്ത്യൻ സ്​കൂളുകളിലും രാവിലെ ഒമ്പതിന്​ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക്​ തുടക്കം കുറിച്ചു.

റിയാദ്​ ഇന്ത്യൻ എംബസിയിലും അംബാഡർ ഡോ. ഔസാഫ്​ സഈദും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖും പതാക ഉയർത്തി. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ ദേശീയ ഗാനം ആലപിച്ചു. ശേഷം ഇരുവരും ഇന്ത്യൻ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. റിയാദിൽ പ്രവാസി ഭാരതീയരും മറ്റ്​ രാജ്യക്കാരുമായി അറുന്നൂറോളം ആളുകൾ ആഘോഷത്തിൽ പങ്കുകൊള്ളാനെത്തി. റിയാദിലെ ഇൻറർനാഷണൽ ഇന്ത്യൻ സ്​കൂളുകളിലെ വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. നൃത്തനൃത്യങ്ങളും അവതരിപ്പിച്ചു.

രാത്രി എട്ടിന്​ ഡിപ്ലോമാറ്റിക്​ ക്വാർട്ടറിലെ കൾച്ചറൽ പാലസിൽ അംബാസഡർ ഡോ. ഒൗസാഫ്​ സഈദും പത്​നി ഫർഹ സഈദും ക്ഷണിക്കപ്പെട്ടവർക്ക്​ വേണ്ടി അത്താഴ വിരുന്നൊരുക്കി. സൗദി ഭരണാധികാരികളും വ്യവസായ പ്രമുഖരും വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളും ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള പ്രതിനിധികളും എംബസി ഉദ്യോഗ്സ്​ഥരും പ​െങ്കടുത്തു. മുഖ്യാതിഥി റിയാദ്​ ഗവർണർ ഫൈസൽ ബിൻ ബന്ദർ അൽസഊദ്​ രാജകുമാരനും അംബാസഡറും ചേർന്ന്​ കേക്ക്​ മുറിച്ചു.

ഇന്ത്യ, സൗദി സൗഹൃദം അടയാളപ്പെടുത്തുന്ന പ്രത്യേക മാഗസിൻ റിയാദ്​ ഗവർണർ പ്രകാശനം ചെയ്​തു. ഇന്ത്യൻ കലാസംഘം അവതരിപ്പിച്ച ഭാംഗ്​റ നൃത്തപരിപാടിയും അരങ്ങേറി. മലയാളി ചിത്രകാരി വിനിവി ബ്രഷില്ലാതെ വിരലുകൾ കൊണ്ട്​ വരച്ച പെയിൻറിങ്ങുകളുടെയും മറ്റൊരു ഇന്ത്യൻ ചിത്രകാരി സാബിഹ മജീദിന്റെയും ഇന്ത്യൻ എംബസി ഡിഫൻസ്​ അറ്റാഷെ കേണൽ മനീഷ്​ നാഗ്​പാളിന്റെയും പെയിന്റിങ്ങുകളുടെയും ഉറുദു പത്ര​പ്രവർത്തകൻ കെ.എൻ. വാസിഫിന്റെ ഫോട്ടോകളുടെയും പ്രദർശനപരിപാടിയും കൾച്ചറൽ പാലസിൽ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരുന്നു. കാഞ്ചിവരം, മൈസൂർ, ബനാറസ്​, കീച്ച എന്നിവിടങ്ങളിൽ നിന്നുള്ള പട്ടുസാരികളുടെയും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്​ഥാനങ്ങളുടെ പ്രകൃതി മനോഹാരിത വിളിച്ചോതുന്ന ​ഫോട്ടോകളുടെയും പ്രദർശനവും ഉണ്ടായിരുന്നു. 

click me!