കൊറോണ ഭീതിക്കിടെ രൂപയുടെ മൂല്യമിടിയുന്നു; യുഎഇ ദിര്‍ഹത്തിനെതിരെ 20 കടന്നു

By Web TeamFirst Published Mar 4, 2020, 11:02 PM IST
Highlights

കൂടുതല്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതും ഇന്ത്യയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം ഇല്ലാതാക്കിയിട്ടുണ്ട്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ ഡോളറിലേക്കും സ്വര്‍ണത്തിലേക്കും മാറ്റുന്നതാണ് മറ്റൊരു തിരിച്ചടി.

ദുബായ്: കൊറോണ വൈറസ് ലോകമെമ്പാടും ഭീതി പരത്തുന്നതിനിടെ ഇന്ത്യന്‍ രൂപയുടെ മൂല്യവും ഇടിയുന്നു. ഇന്ന് ഡോളറിനെതിരെ ഒരു വര്‍ഷത്തെ ഏറ്റവും താഴ്‍ന്ന നിരക്കായ 73.55ലെത്തി. തുടക്കത്തില്‍ രൂപ നില മെച്ചപ്പെടുത്തിയെങ്കിലും പിന്നീട് കൂടുതല്‍ താഴേക്ക് പോവുകയായിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

കൂടുതല്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതും ഇന്ത്യയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം ഇല്ലാതാക്കിയിട്ടുണ്ട്. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ ഡോളറിലേക്കും സ്വര്‍ണത്തിലേക്കും മാറ്റുന്നതാണ് മറ്റൊരു തിരിച്ചടി. 2018 ഒക്ടോബര്‍ 11ന് 74.48 എന്ന നിലയിലേക്ക് രൂപ എത്തിയിരുന്നു. കാര്യങ്ങള്‍ ഈ നിലയ്ക്കാണെങ്കില്‍ അവിടേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.

അതേസമയം രൂപയുടെ വിലയിടിവ് പ്രവാസികള്‍ക്ക് സഹായകമാവുന്നുണ്ട്. മാസാദ്യത്തില്‍ വിദേശ കറന്‍സികള്‍ക്ക് നല്ല മൂല്യം ലഭിക്കുന്നതിനാല്‍ നാട്ടിലേക്ക് പണം അയക്കുന്നവരുടെ എണ്ണം കൂടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുഎഇ ദിര്‍ഹത്തിനെതിരെ 20.02 എന്ന നിലയിലായിരുന്നു ഇന്നത്തെ വ്യാപാരം. വിവിധ ഗള്‍ഫ് കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെയായിരുന്നു.

യുഎഇ ദിര്‍ഹം - 20.02
ബഹ്റൈനി ദിനാര്‍ - 195.61
കുവൈത്തി ദിനാര്‍ - 240.17
ഒമാനി റിയാല്‍ - 191.29
ഖത്തര്‍ റിയാല്‍ - 20.20
സൗദി റിയാല്‍ - 19.61

click me!