
റിയാദ്: ഇന്ത്യയുടെ യുദ്ധക്കപ്പല്‍ സൗദി അറേബ്യന്‍ തീരത്ത് എത്തി. കൊവിഡ് പ്രതിരോധത്തിനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും ഓക്‌സിജനും കൊണ്ടുപോകാനാണ് കപ്പലെത്തിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം ഏര്‍പ്പാടാക്കിയ 'ഓപ്പറേഷന്‍ സമുദ്ര സേതു'വിന്റെ ഭാഗമായാണ് ഇന്ത്യന്‍ നേവിയുടെ ഐ.എന്‍ തര്‍ക്കാഷ് യുദ്ധക്കപ്പല്‍ ബുധനാഴ്ച ദമ്മാം തീരത്ത് എത്തിയത്. ദമ്മാം തുറമുഖ, കസ്റ്റംസ് അധികൃതരും ഇന്ത്യന്‍ എംബസി പ്രതിനിധികളും ചേര്‍ന്ന് ദമ്മാമില്‍ കപ്പലിനെ സ്വീകരിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കി സൗദിയിലെ നിരവധി കമ്പനികള്‍ രംഗത്ത് വന്നിട്ടുണ്ട്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ 100ഉം എല്‍ഫിറ്റ് അറേബ്യയുടെ 200ഉം ഷാഒ പേര്‍ജി പല്ലോഞ്ചി ഗ്രൂപ്പിന്റെ 50ഉം ഓക്‌സിജന്‍ സിലണ്ടറുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും ഈ കപ്പല്‍ ശേഖരിച്ച് ഇന്ത്യയിലേക്ക് കൊണ്ടുപോകും. കഴിഞ്ഞയാഴ്ച സൗദി അരാംകോ ദ്രവരൂപത്തിലുള്ള 60 മെട്രിക് ടണ്‍ ഓക്‌സിജനും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യക്ക് നല്‍കിയിരുന്നു.
വരും മാസങ്ങളിലും ഇതേ സഹായം സൗദി അരാംകോ തുടരും. സൗദിയില്‍ നിന്ന് ഇതുവരെ 300 മെട്രിക് ടണ്‍ ഓക്‌സിജനും 6,360 ഓക്‌സിജന്‍ സിലിണ്ടറുകളും 250 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ടെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam