യുഎഇയില്‍ ഇന്ന് ഏഴ് കോടിയുടെ ഭാഗ്യവും തേടിയെത്തിയത് ഇന്ത്യക്കാരനെ

By Web TeamFirst Published Nov 4, 2020, 6:57 PM IST
Highlights

15 വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്ന സുനിലിന് ഇത്തവണ തന്റെ അച്ഛന്‍ തെരഞ്ഞെടുത്തുകൊടുത്ത നമ്പറാണ് ഭാഗ്യം കൊണ്ടുവന്നത്. തന്റെ സ്വപ്‌‍നം സാക്ഷാത്കരിച്ച ദുബൈ ഡ്യൂട്ടി ഫ്രീയ്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. 

ദുബൈ: ബുധനാഴ്‍ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലും ഭാഗ്യം ഇന്ത്യക്കാരനൊപ്പം. ബഹറൈനില്‍ താമസിക്കുന്ന  സുനില്‍ കുമാറിനെയാണ് 10 ലക്ഷം ഡോളറിന്റെ (7.4 കോടിയിലധികം ഇന്ത്യന്‍ രൂപ) ഭാഗ്യം തേടിയെത്തിയത്. മിലേനിയം മില്യനര്‍ 342 സീരിസിലെ 3904 എന്ന നമ്പറിലെ ടിക്കറ്റാണ് സുനിലിനെ കോടീശ്വരനാക്കിയത്.

15 വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്ന സുനിലിന് ഇത്തവണ തന്റെ അച്ഛന്‍ തെരഞ്ഞെടുത്തുകൊടുത്ത നമ്പറാണ് ഭാഗ്യം കൊണ്ടുവന്നത്. തന്റെ സ്വപ്‌‍നം സാക്ഷാത്കരിച്ച ദുബൈ ഡ്യൂട്ടി ഫ്രീയ്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 170 -ാമത്തെ ഇന്ത്യക്കാരനാണ് സുനില്‍ കുമാര്‍. നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവരില്‍ ഏറ്റവുമധികം പേരും ഇന്ത്യക്കാര്‍ തന്നെ.

മിലേനിയം മില്യനര്‍ നറുക്കെടുപ്പിന് പുറമെ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ആഡംബര കാറും സൂപ്പര്‍ ബൈക്കുകളും സമ്മാനം നേടിയതും ഇന്ത്യക്കാര്‍ തന്നെയായിരുന്നു. ഷാര്‍ജയില്‍ താമസിക്കുന്ന 49 വയസുകാരാനായ സഫ്‍വാന്‍ പൂഴിവീട്ടില്‍ അബ്ദുല്‍ റസാഖിനാണ് 0844 നമ്പറിലൂടെ ബി.എം.ഡബ്ല്യൂ കാര്‍ സ്വന്തമായത്. ദുബൈയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ ബിറ്റോ പീറ്റര്‍ ബി.എം.ഡബ്ല്യൂ ആര്‍ നൈന്‍ ടി ബൈക്കും, കുവൈത്തില്‍ താമസിക്കുന്ന ഇന്ത്യക്കാരി മെലീന നസ്റേത്ത് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കും സമ്മാനമായി നേടി.

click me!