
റിയാദ്: കൊവിഡ് പ്രതിസന്ധിയിൽ സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവർക്ക് വേണ്ടി സൗദി ആഭ്യന്തരമന്ത്രാലയം തുടങ്ങിയ ‘ഔദ’ പദ്ധതിയിൽ ഇന്ത്യാക്കാരെയും ഉൾപ്പെടുത്തി. ആഭ്യന്തരമന്ത്രാലയത്തിന്‍റെ അബ്ഷീർ പോർട്ടലിൽ ഔദ വിഭാഗത്തിൽ ഇന്ത്യ ഉൾപ്പെടെ ഏതാനും രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി. ഈ മാസം 23ന് പദ്ധതി തുടങ്ങുമ്പോൾ ഈജിപ്ത്, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് മാത്രമേ ഇപ്പോൾ രജിസ്റ്റർ ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ.
ആ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ തരം വിസക്കാരും രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ജവാസാത്ത് അറിയിച്ചിരുന്നത്. അതായത് എക്സിറ്റ്/റീ എൻട്രി, ഫൈനൽ എക്സിറ്റ്, ഫാമിലി വിസിറ്റ് വിസ, ബിസിനസ് വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ തുടങ്ങിയ വിസകളിൽ വന്നവർക്കെല്ലാം ഔദയിൽ രജിസ്റ്റർ ചെയ്യാമായിരുന്നു. ഇപ്പോൾ ഇതേ സൗകര്യം ഇന്ത്യാക്കാർക്കും ലഭിച്ചിരിക്കുകയാണ്.
https://www.absher.sa/portal/landing.html എന്ന പോർട്ടലിൽ വ്യക്തികൾക്കുള്ള ലിങ്ക് തുറക്കുമ്പോള്‍ ആദ്യ പേജിൽ തന്നെ വിമാന ചിഹ്നത്തോടെ ‘ഔദ’ എന്ന ഐക്കണ്‍ കാണാനാവും. അതിൽ ക്ലിക്ക് ചെയ്താല‍് തുറന്നുവരുന്ന പേജിലെ 'New Travel Request' എന്ന ബോക്സിൽ ക്ലിക്ക് ചെയ്ത് ഇഖാമ നമ്പര്‍, ജനനതിയതി, മൊബൈല്‍ നമ്പര്‍ എന്നിവ പൂരിപ്പിക്കണം. അബ്ഷിറിൽ അക്കൗണ്ട് ഇല്ലാത്തവർക്കും ഇത് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.
ഫൈനൽ എക്‌സിറ്റോ റീ എൻട്രിയോ അടിച്ചാല്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാനാവൂ. സന്ദർശക വിസയിലുള്ളവർ ഇഖാമയ്ക്ക് പകരം എയർപ്പോർട്ടിലെ എമിഗ്രേഷൻ നടപടിക്കിടെ പാസ്പോർട്ടിൽ രേഖപ്പെടുത്തിയ ബോർഡര്‍ നമ്പര്‍ ഉപയോഗിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവിസുകള്‍ റദ്ദാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ബദൽ മാർഗം തുറന്നിരിക്കുന്നത്. രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയാൽ ജവാസത്ത് ഇത് പരിശോധിച്ച് യാത്രക്ക് അനുമതി നൽകും. അനുമതി ലഭിച്ചാല്‍ നാട്ടില്‍ പോകേണ്ട തിയതിയും ടിക്കറ്റ് നമ്പറും ബുക്കിങ് വിവരവും മൊബൈലില്‍ അയച്ചുതരും. അതിന് ശേഷം പോകുന്നയാള്‍ വിമാന ടിക്കറ്റിന് പണമടച്ച് യാത്ര ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ