കൊവിഡ് വാക്സിന്‍ മോഷ്‍ടിച്ച് വിറ്റു; കുവൈത്തില്‍ നഴ്‍സ് അറസ്റ്റില്‍

By Web TeamFirst Published May 28, 2021, 10:06 PM IST
Highlights

ഫൈസര്‍ വാക്സിന്‍ മോഷ്‍ടിച്ച ശേഷം ഏതാനും വിദേശ വനിതകളില്‍ നിന്ന് പണം വാങ്ങി അവര്‍ക്ക് വാക്സിന്‍ നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിന്‍ മോഷ്‍ടിച്ച് വില്‍പന നടത്തിയ കുറ്റത്തിന് കുവൈത്തില്‍ നഴ്‍സ് അറസ്റ്റിലായി. ജഹ്റ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇന്തോനേഷ്യന്‍ സ്വദേശിയെയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തത്.

ഫൈസര്‍ വാക്സിന്‍ മോഷ്‍ടിച്ച ശേഷം ഏതാനും വിദേശ വനിതകളില്‍ നിന്ന് പണം വാങ്ങി അവര്‍ക്ക് വാക്സിന്‍ നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒപ്പം രണ്ടാം ഡോസ് വാക്സിനേഷന് അപ്പോയിന്റ്മെന്റ് ലഭിക്കാന്‍ ഇവര്‍ക്ക് വഴിവിട്ട സഹായവും നല്‍കി. പിടിയിലായ നഴ്‍സ് ഏതാനും പേര്‍ക്ക് വീടുകളില്‍ വെച്ച് വാക്സിന്‍ നല്‍കിയെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് വാറണ്ട് വാങ്ങി ഇവരെ അറസ്റ്റ് ചെയ്‍തു. വാക്സിന്‍ മോഷ്‍ടിച്ചതായും ഇത് പണം വാങ്ങി മറ്റുള്ളവര്‍ക്ക് നല്‍കിയതായും ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അനധികൃതമായി വാക്സിന്‍ നേടിയ രണ്ട് ഇന്തോനേഷ്യന്‍ വനിതകളെയും അറസ്റ്റ് ചെയ്‍തു. മൂവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. 

click me!