സൗദിയിൽ ഇനി ചികിത്സ കിട്ടാൻ ഇഖാമ മതി; ഇൻഷുറൻസ് കാർഡ് വേണ്ട

By Web TeamFirst Published Dec 26, 2019, 3:05 PM IST
Highlights

രാജ്യത്തെ പൗരന്മാർ ദേശീയ തിരിച്ചറിയൽ കാർഡും (ബതാഖ) വിദേശികൾ ഇഖാമയും കാണിച്ചാൽ ജനുവരിൽ മുതൽ ആശുപത്രികളിൽ നിന്ന് സൗജന്യ ചികിത്സ ലഭിക്കുമെന്ന് സൗദി കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ്.

റിയാദ്: സൗദി അറേബ്യയിൽ ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കാൻ ഇൻഷുറൻസ് കാർഡ് വേണ്ട, ഇഖാമയുണ്ടായാൽ മതി. രാജ്യത്തെ വിദേശികൾക്കുള്ള റസിഡൻസ് പെർമിറ്റ് കാർഡായ ’ഇഖാമ’ അനുവദിക്കാനും പുതുക്കാനും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായിരിക്കെ അതിനായി വേറെ കാർഡ് കാണിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സൗദി കൗൺസിൽ ഓഫ് കോഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് (സി.സി.എച്ച്.ഐ). 

രാജ്യത്തെ പൗരന്മാർ ദേശീയ തിരിച്ചറിയൽ കാർഡും (ബതാഖ) വിദേശികൾ ഇഖാമയും കാണിച്ചാൽ ആശുപത്രികളിൽ നിന്ന് സൗജന്യ ചികിത്സ ലഭിക്കും. നിലവിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കുമ്പോൾ അതാത് ഇൻഷുറൻസ് കമ്പനികൾ നൽകുന്ന പോളിസി വിവരങ്ങൾ വ്യക്തമാക്കുന്ന കാർഡ് ആശുപത്രികളിലും മെഡിക്കൽ സെന്ററുകളിലും പോളിക്ലിനിക്കുകളിലും കാണിക്കേണ്ടതുണ്ടായിരുന്നു. റിസപ്ഷനിൽ കാർഡ് കാണിച്ചാൽ മാത്രമായിരുന്നു ചികിത്സ സൗജന്യമെന്ന ആനുകൂല്യം ലഭിക്കുന്നത്. ഈ രീതിക്കാണ് ജനുവരി മുതൽ മാറ്റം വരുന്നത്. ഇൻഷുറൻസ് കാർഡ് ആശുപത്രികളിൽ കാണിക്കേണ്ടതില്ല. വിദേശികൾ ഇഖാമയും സ്വദേശികൾ ബതാഖയും നൽകിയാൽ ആതുര സേവനങ്ങൾ ലഭിക്കും. 

പുതിയ വ്യവസ്ഥ നടപ്പാകുന്നതോടെ ആരോഗ്യ സേവനങ്ങൾക്ക് ഇൻഷുറൻസ് കാർഡ് കാണിക്കേണ്ടതില്ലെന്ന് സി.സി.എച്ച്.ഐ സെക്രട്ടറി ജനറൽ ഡോ. ശബാബ് ബിൻ സഅദ് അൽഗാംദി അറിയിച്ചു. പകരം തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മതി. ഇതിനെ കുറിച്ച് രണ്ടു മാസം ബോധവത്കരണം നടത്തുമെന്നും കൗൺസിൽ അറിയിച്ചു. ഇൻഷുറൻസ് മേഖല ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗം കൂടിയാണിത്. വിവിധ മാധ്യമങ്ങളിലൂടെ കാമ്പയിൻ നടത്തും. ഹിന്ദി, ഉർദു, ഇംഗ്ലീഷ്, ബംഗാളി, ഫിലിപ്പീൻസ്, അറബി ഭാഷകളിൽ മെസേജുകളും അയക്കും. സി.സി.എച്ച്.ഐയുടെ വെബ്‌സൈറ്റിൽ ഇഖാമ, ബതാഖ നമ്പർ നൽകി ഇൻഷുറൻസ് വിവരങ്ങൾ അറിയാനാവും.

click me!