
ദമ്മാം: സൗദി അറേബ്യയില്‍ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ. ഡിസംബർ 26നാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. തമിഴ്‍നാട് സ്വദേശിയായ മുരുകേശൻ അണ്ണാമലൈ (49) ആണ് അൽ ഖസീമിലെ മിദ്‍നബിനടുത്തുവച്ച് മോഷ്‍ടാക്കളുടെ ആക്രമണത്തിൽ തലയ്ക്കടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ സുഹൃത്ത് സ്വദേശി പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
പുലർച്ചെ മൂന്ന് മണിയോടെ ഇവർ ജോലിചെയ്തിരുന്ന ആട് വളർത്തൽ കേന്ദ്രത്തിനടുത്തെ താമസസ്ഥലത്ത് എത്തിയ സ്വദേശികളായ നാൽവർ സംഘം പുറത്തുനിന്ന് വെടിയുതിർത്തുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങിവരാൻ ആവശ്യപ്പെടുകയായിരുന്നു. ഇറങ്ങിവരാതായതോടെ സംഘത്തിലെ രണ്ടുപേർ അതിക്രമിച്ച് കടന്ന് ആദ്യം വെടിയുതിർക്കുകയും പിന്നീട് ഇരുമ്പ് ദണ്ഡുപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നുവെന്ന് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യു.പി സ്വദേശി ഇഷാൻ അലി പറഞ്ഞു.
തുടർന്ന് അക്രമിസംഘം നാല്പതോളം ആടുകളേയും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇരുവരുടെയും കയ്യും കാലും ബന്ധിച്ച നിലയിലായിരുന്നതുകൊണ്ട് യഥാസമയം സ്‌പോൺസറെ വിവരം അറിയിക്കാനായില്ല. വളരെ പണിപ്പെട്ട് ബന്ധനത്തിൽ നിന്ന് മോചിതനായ ശേഷം വിവരമറിയിക്കുകയും ആറ് മണിയോടെ സ്പോൺസറും പോലീസ് സംഘവും സ്ഥലത്തെത്തിയെന്നും ഇഷാൻ അലി പറഞ്ഞു.
അക്രമികളിലൊരാളെ അന്നുതന്നെ പിടികൂടിയിരുന്നു, ബാക്കി മൂന്ന് പേരെ പിന്നീട് അറസ്റ്റ് ചെയ്തു. മുരുകേശന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായും അധികൃതരുടെ അനുമതി ലഭിച്ച ശേഷം വൈകാതെ തന്നെ നാട്ടിലെത്തിക്കുമെന്നും സാമൂഹ്യപ്രവർത്തകൻ സലാം പറാട്ടി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ