ഇസ്രായേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം, എമർജൻസി ഹെൽപ്‍ലൈൻ തുറന്ന് എംബസി

By Web TeamFirst Published May 12, 2021, 7:32 PM IST
Highlights

മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധ പ്രാദേശിക ഭാഷകളിൽ പുറത്തിറക്കിയ ജാഗ്രതാനി‍ർദേശങ്ങളും ടെൽ അവീവിലെ ഇന്ത്യൻ എംബസി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. 

ദില്ലി/ ടെൽഅവീവ്: ഇസ്രായേൽ - പലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി ഇസ്രായേലിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും എംബസി നിർദ്ദേശം നൽകുന്നു. അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട് - നമ്പർ: +972549444120.

ഇന്നലെ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാരോട് എംബസി ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. 

തദ്ദേശീയ ഭരണസമിതികൾ, അഥവാ ലോക്കൽ അതോറിറ്റികൾ ശുപാർശ ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷണമെന്നും, അനാവശ്യയാത്രകൾ ഒഴിവാക്കി സേഫ് ഷെൽട്ടറുകൾക്ക് അടുത്ത് തന്നെ തങ്ങണമെന്നും എംബസി നിഷ്കർഷിക്കുന്നു.

എമർജൻസി നമ്പറിൽ സേവനം ലഭ്യമായില്ലെങ്കിൽ cons1.telaviv@mea.gov.in - എന്ന മെയിൽ ഐഡിയിൽ ഒരു സന്ദേശം നൽകണമെന്നും എംബസി ആവശ്യപ്പെടുന്നു. എല്ലാ തരം മാർഗനിർദേശങ്ങളും നൽകാൻ എംബസി അധികൃതർ തയ്യാറാണെന്നും ജാഗ്രത പാലിക്കണമെന്നും, ഫേസ്ബുക്കിലൂടെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധ പ്രാദേശിക ഭാഷകളിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പുകളിൽ ടെൽ അവീവിലെ ഇന്ത്യൻ എംബസി വ്യക്തമാക്കുന്നു. 

ലോക്ക്ഡൗൺ മൂലം വിമാനസർവീസ് നിർത്തിവച്ചതിനാൽ ഇന്ത്യയിലേക്കുള്ള യാത്ര മുടങ്ങിയ ഇന്ത്യക്കാർ പലരും അവിടെ കുടുങ്ങിയ നിലയിലാണ്. 

click me!