മരുഭൂമിയില്‍ ഒട്ടകങ്ങള്‍ക്കൊപ്പം ജീവിതം, തുണയായത് ഗൂഗിള്‍ മാപ്പ്; ദുരിതപര്‍വം താണ്ടിയ മലയാളി നാട്ടിലെത്തി

By Web TeamFirst Published Feb 24, 2020, 7:31 PM IST
Highlights

മണലാരണ്യത്തിലെ ടെന്റിൽ  കുടിവെള്ളമോ നല്ല ഭക്ഷണമോ ഇല്ലാതെ രണ്ട് മാസത്തോളം അദ്വൈതിന് കഴിയേണ്ടിവന്നു. ഇതിനിടെ ഒട്ടകത്തിന് നൽകുന്ന ജലവും വല്ലപ്പോഴും കിട്ടുന്ന ഭക്ഷണവുമായിരുന്നു ആശ്വാസം. ഗൂഗിൾമാപ്പിന്റെ സഹായത്തോടെയാണ് സന്നദ്ധ പ്രവർത്തകർക്ക് അദ്വൈതിനെ കണ്ടെത്താനായത്.

തിരുവനന്തപുരം: സ്പോൺസറുടെ ചതിക്കുഴിയിൽപ്പെട്ട് സൗദി അറേബ്യയിൽ അകപ്പെട്ട മലയാളി യുവാവിനെ നാട്ടിലെത്തിച്ചു. നെടുമങ്ങാട് വിതുര കൊപ്പം വിഷ്ണു വിഹാറിൽ വി. അദ്വൈതാണ്  നോർക്കയുടെ സമയോചിതമായ ഇടപെടലൂടെ നാട്ടിലെത്തിയത്.  

സുഹൃത്ത് മുഖേന ലഭിച്ച ഡ്രൈവർ വിസയിലാണ് അദ്വൈത് വിദേശത്തേക്ക് പോയത്. സ്‍പോൺസറുടെ വാഹനങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നു ജോലി. കുറച്ച് ദിവസത്തിന് ശേഷം  അദ്വൈതിനെ സ്‌പോൺസറുടെ റിയാദിലെ ഫാമിൽ ഒട്ടകത്തേയും, ആടുകളേയും മേയ്ക്കാനുള്ള ജോലി നൽകി. മണലാരണ്യത്തിലെ ടെന്റിൽ  കുടിവെള്ളമോ നല്ല ഭക്ഷണമോ ഇല്ലാതെ രണ്ട് മാസത്തോളം അദ്വൈതിന് കഴിയേണ്ടിവന്നു. ഇതിനിടെ ഒട്ടകത്തിന് നൽകുന്ന ജലവും വല്ലപ്പോഴും കിട്ടുന്ന ഭക്ഷണവുമായിരുന്നു ആശ്വാസം. ഗൂഗിൾമാപ്പിന്റെ സഹായത്തോടെയാണ് സന്നദ്ധ പ്രവർത്തകർക്ക് അദ്വൈതിനെ കണ്ടെത്താനായത്.

അദ്വൈതിന്റെ പിതാവ് നോർക്ക റൂട്ട്സിന് നൽകിയ പരാതിയെ തുടർന്ന്,  നോർക്ക അധികൃതർ സൗദിയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപെടുകയും നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.  നോർക്ക റൂട്ട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ദമാമിലെ സന്നദ്ധ പ്രവർത്തകനായ നാസ് ഷൗക്കത്തലിയുമായി  നിരന്തരം ഫോണിൽ ബന്ധപ്പെടുകയും നോർക്ക റൂട്ട്സ്  അദ്വൈതിന് വിമാന ടിക്കറ്റ് എടുത്ത്  നൽകുകയും ചെയ്തു. 

തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ അദ്വൈതിനെ നോർക്ക റൂട്ട്സ് അഡ്മിനിട്രേറ്റീവ് ഓഫീസർ എൻ.വി മത്തായി, പബ്ലിക്ക് റിലേഷൻസ് ഓഫീസർ ഡോ. സി. വേണുഗോപാൽ,  അദ്വൈതിന്റെ പിതാവ് എസ്.ആർ വേണുകുമാർ എന്നിവർ സ്വീകരിച്ചു. തന്നെ രക്ഷിച്ചതിന് സംസ്ഥാന സർക്കാരിനും നോർക്കയ്ക്കും അദ്വൈത് നന്ദി പറഞ്ഞു.

click me!