ആനുകൂല്യങ്ങള്‍ നല്‍കാതെ നാട്ടിലേക്ക് വിടാന്‍ ശ്രമിച്ച കമ്പനിക്കെതിരെ നിയമപോരാട്ടത്തില്‍ വിജയിച്ച് പ്രവാസി

By Web TeamFirst Published Feb 19, 2021, 9:54 PM IST
Highlights

29 വർഷമായി അൽ അഹ്‍സയിലെ ശുഖൈഖിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. പ്രായമായതിന്റെ പേരിൽ കമ്പനി മാനേജ്‌മെന്റ് രാജുവിനെ എക്സിറ്റടിച്ചു. 

റിയാദ്: ആനുകൂല്യങ്ങൾ നൽകാതെ എക്സിറ്റടിച്ച് നാട്ടിൽ അയക്കാനുള്ള സൗദി അറേബ്യയിലെ സ്വകാര്യ കമ്പനിയുടെ ശ്രമത്തിനെതിരെ കേസ് നടത്തിയ മലയാളിക്ക് വിജയം. 29 വർഷമായി ജോലി ചെയ്ത കമ്പനി, ജോലിക്കരാർ പ്രകാരമുള്ള ആനുകൂല്യങ്ങൾ നൽകാതെ എക്സിറ്റടിച്ചപ്പോഴാണ് എറണാകുളം സ്വദേശിയായ രാജു, നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ ആനുകൂല്യങ്ങൾ നേടിയെടുത്തത്. 

29 വർഷമായി അൽ അഹ്‍സയിലെ ശുഖൈഖിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു. പ്രായമായതിന്റെ പേരിൽ കമ്പനി മാനേജ്‌മെന്റ് രാജുവിനെ എക്സിറ്റടിച്ചു. എന്നാല്‍ ഇത്രയും വർഷം ജോലി ചെയ്തതിനാൽ, ജോലി കരാർ പ്രകാരം നൽകേണ്ട ആനുകൂല്യങ്ങളൊന്നും നൽകാതെ, രാജുവിനെ നാട്ടിലേക്ക് അയക്കാനായിരുന്നു കമ്പനിയുടെ ശ്രമം. നവയുഗം അൽഅഹ്‍സ ശുഖൈഖ് യൂനിറ്റിന്റെറ സജീവപ്രവത്തകനായിരുന്ന രാജു, ഈ വിഷയം നവയുഗം മേഖല ഭാരവാഹികളായ സിയാദ് പള്ളിമുക്ക്, ഉണ്ണി മാധവം എന്നിവരെ അറിയിച്ച് സഹായം തേടുകയായിരുന്നു. തുടർന്ന് ജീവകാരുണ്യവിഭാഗം ഈ വിഷയത്തിൽ ഇടപെട്ടു. 

നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ നിർദേശപ്രകാരം രാജു അൽഅഹ്സ്സ ലേബർ കോടതിയിൽ കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തു. ലേബർ കോടതിയിൽ കേസായതോടെ രാജുവിന്റെ സ്‍പോൺസർ ചർച്ചക്ക് തയ്യാറായി. ഉണ്ണി മാധവത്തിന്റെ നേതൃത്വത്തിൽ നവയുഗം ഭാരവാഹികൾ സ്‍പോൺസറുമായി ആദ്യവട്ടചർച്ചകൾ നടത്തിയെങ്കിലും ഒത്തുതീർപ്പിലെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഷാജി മതിലകം ഇന്ത്യൻ എംബസിയെ ഈ വിഷയം അറിയിച്ചു സ്‍പോൺസറോട് സംസാരിപ്പിക്കുകയും ചെയ്തു. നിരന്തരമായ സമ്മർദ്ദത്തിനൊടുവിൽ സ്പോൺസർ എല്ലാ ആനുകൂല്യങ്ങളും നൽകാമെന്ന് സമ്മതിച്ചു. 
 

click me!