ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് ഏഴു കോടി

By Web TeamFirst Published Aug 12, 2021, 10:06 PM IST
Highlights

'ഇതൊരു വലിയ അത്ഭുതമാണെന്നായിരുന്നു' സമ്മാനം ലഭിച്ച വിവരം അറിയിച്ചപ്പോള്‍ സാബുവിന്റെ പ്രതികരണം. തനിക്ക് സമ്മാനം ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവി പരിപാടികളെക്കുറിച്ച് ചോദിച്ചപ്പോള്‍, ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടായിരുന്ന വര്‍ഷമാണിതെന്നും അതുകൊണ്ടുതന്നെ സമ്മാനം ലഭിക്കുന്ന പണം കൊണ്ട് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളറിന്റെ (ഏഴ് കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി.  ദുബൈ വിമാനത്താവളത്തില്‍ എയര്‍ ട്രാഫിക് എഞ്ചിനീയറായി ജോലി ചെയ്യുന്ന  സാബു ആലമിറ്റത്താണ്  365-ാമത് സീരിസില്‍ വിജയിയായത്. ജൂലൈ 25ന് ഇദ്ദേഹം വാങ്ങിയ 4465 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 

ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിലാണ് 57കാരനായ സാബുവിന് ഒന്നാം സമ്മാനം ലഭിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീയിലൂടെ ഭാഗ്യം പരീക്ഷിക്കുകയാണ് അദ്ദേഹം. തിരുവനന്തപുരം സ്വദേശിയായ സാബു ബെംഗളൂരുവിലാണ് സ്ഥിരതാമസം. പ്രവീണയാണ് ഭാര്യ. ഏകമകള്‍ നൂപുര്‍. 

'ഇതൊരു വലിയ അത്ഭുതമാണെന്നായിരുന്നു' സമ്മാനം ലഭിച്ച വിവരം അറിയിച്ചപ്പോള്‍ സാബുവിന്റെ പ്രതികരണം. തനിക്ക് സമ്മാനം ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവി പരിപാടികളെക്കുറിച്ച് ചോദിച്ചപ്പോള്‍, ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടായിരുന്ന വര്‍ഷമാണിതെന്നും അതുകൊണ്ടുതന്നെ സമ്മാനം ലഭിക്കുന്ന പണം കൊണ്ട് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ഒരു പങ്ക് മാറ്റിവെയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം വിജയിയാവുന്ന 182-ാമത്തെ ഇന്ത്യക്കാരനാണ് സാബു. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിനുള്ള ടിക്കറ്റുകള്‍ എടുക്കുന്നവരിലും ഏറ്റവുമധികം പേര്‍ ഇന്ത്യക്കാര്‍ തന്നെയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!