ക്വാറന്റീന് പണം ഈടാക്കാനുള്ള തീരുമാനം വഞ്ചനാപരമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി

Published : May 26, 2020, 11:02 PM IST
ക്വാറന്റീന് പണം ഈടാക്കാനുള്ള  തീരുമാനം വഞ്ചനാപരമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി

Synopsis

നിലവില്‍ നാട്ടിലെത്തിയ വലിയൊരു വിഭാഗം പ്രവാസികള്‍ക്കും പണമില്ലാത്തതിനാല്‍ ടിക്കറ്റുകളെടുത്ത് നല്‍കിയത് കെ.എം.സി.സി പോലുള്ള കാരുണ്യ സംഘടനകളാണ്. ഇനിയും ധാരാളം പേര്‍ ഗള്‍ഫ് നാടുകളില്‍ വരുമാനമില്ലാത്തെ ദുരിതജീവിതം നയിക്കുന്നുണ്ട്.

മനാമ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ ഇനി മുതല്‍ ക്വാറന്റീന് പണം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം വഞ്ചനാപരവും പ്രതിഷേധാര്‍ഹവുമാണെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആരോപിച്ചു. ജോലിയും വരുമാനവും നഷ്ടപ്പെട്ടാണ് വലിയൊരു വിഭാഗം പ്രവാസികളും ഭീമമായ തുകയ്ക്ക് ടിക്കറ്റുകളെടുത്ത് നാടണയുന്നത്. ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞിട്ടും പ്രവാസികള്‍ ക്വാറന്റീന് പണം നല്‍കണമെന്ന് പറയുന്നത് തികച്ചും അനീതിയാണെന്നും കെ.എം.സി.സി ആരോപിച്ചു. 

വിദേശികള്‍ക്ക് വേണ്ട സൗകര്യങ്ങളും മറ്റും നല്‍കി മറ്റ് രാജ്യങ്ങള്‍ക്ക് മുന്നില്‍ നല്ലപിള്ള ചമയുന്ന സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളെ രണ്ടാംകിട പൗരന്മാരായി കാണുന്നവെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ക്വാറന്റീന് പണം ഈടാക്കാനുള്ള തീരുമാനം. മുഖ്യമന്ത്രി ഒരുഭാഗത്ത് പ്രവാസി സ്‌നേഹത്തെ കുറിച്ച് പറയുമ്പോള്‍ മറുഭാഗത്ത് പ്രവാസികളെ എങ്ങനെ ചൂഷണം ചെയ്യാമെന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. പ്രവാസികളുടെ കാര്യത്തില്‍ മോദിക്കും പിണറായിക്കും ഒരേ മുഖമാണെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. 

പതിറ്റാണ്ടുകളായി സംസ്ഥാന വരുമാനത്തിന്റെ വലിയൊരു പങ്കും വഹിക്കുന്നത് പ്രവാസികളാണ്. സ്വന്തം ജീവിതം പോലും സമര്‍പ്പിച്ചാണ് പ്രവാസികള്‍ മറുനാട്ടില്‍ ജീവിതം നയിക്കുന്നത്. ഓഖി, പ്രളയം ദുരന്തസമയങ്ങളിലൊക്കെ കേന്ദ്രം പോലും കൈമലര്‍ത്തിയപ്പോള്‍ സഹായ ഹസ്തമേകിയത് പ്രവാസി സമൂഹമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ക്കണം. ലോക കേരള സഭ സംഘടിപ്പിക്കാന്‍ കോടികള്‍ ചെലവാക്കിയ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് പ്രവാസികള്‍ക്കായി പണം ചെലവാക്കുന്നില്ലെന്നും കെ.എം.സിസി ഭാരവാഹികള്‍ ചോദിച്ചു. 

നിലവില്‍ നാട്ടിലെത്തിയ വലിയൊരു വിഭാഗം പ്രവാസികള്‍ക്കും പണമില്ലാത്തതിനാല്‍ ടിക്കറ്റുകളെടുത്ത് നല്‍കിയത് കെ.എം.സി.സി പോലുള്ള കാരുണ്യ സംഘടനകളാണ്. ഇനിയും ധാരാളം പേര്‍ ഗള്‍ഫ് നാടുകളില്‍ വരുമാനമില്ലാത്തെ ദുരിതജീവിതം നയിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ മനസിലാക്കി ക്വാറന്റീന് പണം ഈടാക്കാനുള്ള തീരുമാനത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി പ്രവാസി സമൂഹത്തിന് ആശ്വാസമായ തീരുമാനം കൈക്കൊള്ളണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി