കൈവിടാതെ കുവൈത്ത്; വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ സ്വദേശികളെ തിരിച്ചെത്തിക്കുന്നത് രണ്ടാം ഘട്ടത്തില്‍

By Web TeamFirst Published Apr 19, 2020, 5:29 PM IST
Highlights

വീടുകളില്‍ മതിയായ സൗകര്യം ഇല്ല എന്ന് അറിയിച്ചവരെയും രോഗലക്ഷണങ്ങള്‍ ഉള്ളവരെയും സര്‍ക്കാര്‍ വിവിധ ഹോട്ടലുകളില്‍ ക്വാറന്റൈനില്‍ വിട്ടു.

കുവൈത്ത് സിറ്റി: കൊവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ സ്വദേശികളെ തിരികെ കുവൈത്തിലെത്തിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്ന് 28 സര്‍വ്വീസുകളിലായാണ് പൗരന്‍മാരെ കുവൈത്തിലെത്തിച്ചത്. 75 സര്‍വ്വീസുകളാണ് രണ്ടാം ഘട്ടത്തില്‍ ആകെയുള്ളത്. 

കുവൈത്ത് എയര്‍വേയ്‌സ്, ജസീറ എയര്‍വേയ്‌സ് എന്നീ വിമാനങ്ങളാണ് സ്വദേശികളെ തിരിച്ചെത്തിക്കുന്ന പദ്ധതിയിലുള്ളത്. തിരികെയെത്തുന്നവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കാനായി വലിയ സജ്ജീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയത്. പരിശോധനയ്ക്ക് ശേഷം മുഴുവന്‍ ആളുകളെയും ക്വാറന്റൈനില്‍ വിട്ടു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് വീടുകളിലേക്ക് പോകാന്‍ അനുമതി നല്‍കി. വീടുകളില്‍ ഇവര്‍ ക്വാറന്റില്‍ തുടരണം.

വീടുകളില്‍ മതിയായ സൗകര്യം ഇല്ല എന്ന് അറിയിച്ചവരെയും രോഗലക്ഷണങ്ങള്‍ ഉള്ളവരെയും സര്‍ക്കാര്‍ വിവിധ ഹോട്ടലുകളില്‍ ക്വാറന്റൈനില്‍ വിട്ടു. പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ച 25 സര്‍വ്വീസുകളാണുള്ളത്. റിയാദ്, ദമാം, ദോഹ, ദുബായ്,  മനാമ, മസ്‌കറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യദിവസം കുവൈത്ത് സ്വദേശികളെ നാട്ടിലെത്തിച്ചത്. 

 
 

click me!