ഗള്‍ഫ് പ്രതിസന്ധി; അനുരഞ്ജന ചര്‍ച്ചകള്‍ വിജയത്തിലേക്കെന്ന് കുവൈത്ത്

By Web TeamFirst Published Dec 5, 2020, 6:40 PM IST
Highlights

കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും  നേതൃത്വത്തില്‍ നടന്നുവരുന്ന ചര്‍ച്ചകളെക്കുറിച്ചാണ് വിദേശകാര്യ മന്ത്രി വിശദീകരിച്ചത്. 

കുവൈത്ത് സിറ്റി: ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാനായി നടന്നുവരുന്ന ചര്‍ച്ചകള്‍ വിജയകരമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് അഹ്‍മദ് നാസിര്‍ അല്‍ മുഹമ്മദ്  അല്‍ സബാഹ് അറിയിച്ചു. മൂന്നര വര്‍ഷമായി തുടരുന്ന പ്രതിസന്ധിക്ക് അനുരഞ്ജനത്തിലൂടെയുള്ള പരിഹാരം സാധ്യമാക്കുന്നതിന് ബന്ധപ്പെട്ട കക്ഷികളെല്ലാം താത്പര്യം പ്രകടിപ്പിച്ചതായും കുവൈത്തിന്റെ പ്രസ്‍താവനയില്‍ പറയുന്നു.

അന്തരിച്ച കുവൈത്ത് മുന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നേതൃത്വത്തില്‍ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയായി ഇപ്പോഴത്തെ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും  നേതൃത്വത്തില്‍ നടന്നുവരുന്ന ചര്‍ച്ചകളെക്കുറിച്ചാണ് വിദേശകാര്യ മന്ത്രി വിശദീകരിച്ചത്. ഗള്‍ഫ്, അറബ് ഐക്യവും സ്ഥിരതയും ഉറപ്പാക്കാനുള്ള താത്പര്യവും ബന്ധപ്പെട്ട രാജ്യങ്ങള്‍ തമ്മില്‍ ശാശ്വത ഐക്യവും ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തുന്ന കരാറിലെത്താനുള്ള ആഗ്രഹവും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന നിര്‍ണായക ശ്രമങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപദേഷ്‍ടാവ് ജരേദ് കുഷ്നറിനും കുവൈത്ത് നന്ദി അറിയിച്ചു.

click me!