ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള പ്രവേശനവിലക്ക് കുവൈത്ത് പിൻവലിക്കുന്നു; നടപടി ഒന്നരവർഷത്തിനു ശേഷം

By Web TeamFirst Published Aug 19, 2021, 8:05 AM IST
Highlights

ഈമാസം 22 മുതല്‍ കുവൈത്ത് അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക് മടങ്ങാം. ഒന്നരവർഷത്തോളമായി കുവൈത്തിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ മലയാളികളടക്കം ഇന്ത്യക്കാർക്ക് പുതിയ തീരുമാനം ആശ്വാസമാകും.

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുന്നു. ഈമാസം 22 മുതല്‍ കുവൈത്ത് അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക് മടങ്ങാം. ഒന്നരവർഷത്തോളമായി കുവൈത്തിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ മലയാളികളടക്കം ഇന്ത്യക്കാർക്ക് പുതിയ തീരുമാനം ആശ്വാസമാകും.

പ്രത്യേക മന്ത്രിസഭായോഗമാണ് ഈ മാസം 22 മുതൽ ഇന്ത്യയില്‍ നിന്നുള്ള യാത്രകാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ച താമസവീസക്കാർക്കുമാത്രമായിരിക്കും ആദ്യഘട്ടത്തില്‍ പ്രവേശനാനുമതി. ഫൈസർ, ഓക്സ്ഫഡ് അസ്ട്രാസെനക , മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സീനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്കും പ്രവേശനാനുമതിയുണ്ട്. അതേസമയം സിനോഫാം, സ്പുട്നിക് ഉൾപ്പെടെ അംഗീകരിച്ചിട്ടില്ലാത്ത വാക്സീൻ സ്വീകരിച്ചവർ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകൃത വാക്സീൻ സ്വീകരിച്ചിരിക്കണം. 

കുവൈത്തിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർ വിമാനത്താവളത്തിലെത്തുമ്പോൾ അക്കാര്യം ഇമ്യൂൺ, കുവൈത്ത് മൊബൈൽ ഐഡി എന്നീ മൊബൈൽ ആപ്പുകളിലായി കാണിക്കണം. കുവൈത്തിന് പുറത്തുനിന്ന് വാക്സീൻ സ്വീകരിച്ചവർ  വാക്സീൻ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ നല്‍കി കുവൈത്ത് ആരോഗ്യമന്ത്രാലയം വഴി അനുമതി നേടണം. യാത്രപുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. കുവൈത്തിലെത്തിയശേഷം ഏഴുദിവസം ക്വാറൻറീനിൽ കഴിയണമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഇന്ത്യക്ക് പുറമേ പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ മന്ത്രിസഭയോഗം അനുമതി നല്‍കിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം മാർച്ച് മുതലാണ് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്ക് വിലക്കേർപ്പെടുത്തിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!