ഇന്ത്യക്ക് കുവൈത്തിന്റെ കരുതല്‍; മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകളും എത്തിച്ചു

By Web TeamFirst Published May 4, 2021, 10:29 AM IST
Highlights

കുവൈത്തിലെ അബ്‍ദുല്ല അല്‍ മുബാറക് എയര്‍ ബേസില്‍ നിന്നാണ് അത്യാവശ്യ സാധനങ്ങളടങ്ങിയ വിമാനം ഇന്ത്യയിലേത്ത് തിരിച്ചത്.

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി സഹായം എത്തിച്ചു. മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകളും അടക്കം 40 ടണ്‍ സാധനങ്ങള്‍ പ്രത്യേക വിമാനത്തില്‍ ഇന്ത്യയില്‍ എത്തിച്ചു.

കുവൈത്തിലെ അബ്‍ദുല്ല അല്‍ മുബാറക് എയര്‍ ബേസില്‍ നിന്നാണ് അത്യാവശ്യ സാധനങ്ങളടങ്ങിയ വിമാനം ഇന്ത്യയിലേത്ത് തിരിച്ചത്. സൗഹൃദ രാജ്യമായ ഇന്ത്യയിലെ ആശുപത്രികളില്‍ അത്യാവശ്യമുള്ള സാധനങ്ങള്‍ എത്തിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് റെഡ്ക്രസന്റ് സൊസൈറ്റി ഡയറക്ടര്‍ ജനറല്‍ അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ ഔന്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തില്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും കുവൈത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്‍താവനയില്‍ റെഡ് ക്രസന്റ് വ്യക്തമാക്കി.

ഇന്ത്യയിലെ കുവൈത്ത് എംബസിയുമായും ഇന്ത്യന്‍ റെഡ് ക്രോസുമായും സഹകരിച്ചായിരിക്കും ആശുപത്രികളില്‍ മെഡിക്കല്‍ സാമഗ്രികള്‍ വിതരണം ചെയ്യുക. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‍മദ് അല്‍ ജാബില്‍ അല്‍ സബാഹിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സൗഹൃദ രാജ്യമായ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുന്നത്. കൊവിഡ് വൈറസ് ബാധ കാരണം ഇന്ത്യയില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്‍തു.

click me!