യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് പ്രവാസികളായ സര്‍ക്കാര്‍ ജീവനക്കാരെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തിക്കും

By Web TeamFirst Published Sep 27, 2020, 11:03 PM IST
Highlights

മുൻഗണന വിഭാഗത്തിലുള്ള പത്ത്​ തൊഴിൽ മേഖലകളിലെ ജീവനക്കാരെയാണ് ചാർട്ടേഡ്​ വിമാനങ്ങളിൽ തിരിച്ചെത്തിക്കാന്‍ അനുമതിയുള്ളത്. ഇതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളോട് അടിയന്തരമായി തിരിച്ചെത്തിക്കേണ്ട വിദേശജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ഏജൻസികൾക്ക് പ്രവാസികളായ തങ്ങളുടെ ജീവനക്കാരെ ചാർട്ടർ വിമാനങ്ങളിൽ തിരിച്ചെത്തിക്കാം. ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലിഹിന്റെ അധ്യക്ഷതയിലുള്ള കൊറോണ എമര്‍ജന്‍സി കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ കുവൈത്തില്‍ പ്രവേശന വിലക്കുള്ള 34 രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇങ്ങനെ തിരികെ എത്തിക്കാനാവും.

മുൻഗണന വിഭാഗത്തിലുള്ള പത്ത്​ തൊഴിൽ മേഖലകളിലെ ജീവനക്കാരെയാണ് ചാർട്ടേഡ്​ വിമാനങ്ങളിൽ തിരിച്ചെത്തിക്കാന്‍ അനുമതിയുള്ളത്. ഇതിന്റെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകളോട് അടിയന്തരമായി തിരിച്ചെത്തിക്കേണ്ട വിദേശജീവനക്കാരുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രിസഭ ഉപസമിതി പട്ടിക പരിശോധിച്ച്​ യാത്രാ അനുമതി നൽകും. 
കോവിഡ് നിയന്ത്രണങ്ങൾ മൂലം കുവൈത്തിലേക്ക് തിരികെ എത്താൻ സാധിക്കാത്ത സർക്കാർ ജീവനക്കാരെ സുരക്ഷിതരായി തിരികെ എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കുവൈത്തിലെത്തിയ ശേഷം ഇവരെ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി നിരീക്ഷിക്കും.

ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിലവിൽ കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കാനാവില്ല. വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം തങ്ങിയതിന് ശേഷം മാത്രമേ കുവൈത്തില്‍ പ്രവേശന അനുമതി ലഭിക്കൂ. ഇക്കാരണത്താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പോലും മടങ്ങിയെത്താനാവാത്ത സാഹചര്യത്തിലാണ് പ്രത്യേക അനുമതി നല്‍കുന്നത്.

click me!