ജാഗ്രത പുലര്‍ത്തുക; 'ക്യാർ' ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് കൂടുതല്‍ അടുത്തു

By Web TeamFirst Published Oct 28, 2019, 2:45 PM IST
Highlights

ചുഴലിക്കാറ്റ് പടിഞ്ഞാറ് / വടക്ക് പടിഞ്ഞാറ് അറേബ്യൻ കടലിന്‍റെ മധ്യഭാഗത്തേക്ക് നീങ്ങുന്നുവെന്നും  നിലവിൽ   ഒമാന്‍റെ  'റാസ് മദ്രക' തീരത്തിന്റെ ഏറ്റവും അടുത്ത സ്ഥലത്ത് നിന്ന് 800 കിലോമീറ്റർ അകലെയാണെന്നുമാണ് ഒമാൻ കാലാവസ്ഥാ  നിരീക്ഷണ  കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

മസ്ക്കറ്റ്: അറബിക്കടലില്‍ രൂപപ്പെട്ട 'ക്യാർ' ചുഴലിക്കാറ്റ് ഒമാൻ തീരത്ത് നിന്ന് 800 കിലോമീറ്റര്‍ അകലെ എത്തിനില്‍ക്കുന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിന്‍റെ  പ്രഭവ സ്ഥാനത്ത് കാറ്റിന് മണിക്കൂറിൽ 115-125 നോട്ട്സ് ഉപരിതല  വേഗതയാണുള്ളത്.ചുഴലിക്കാറ്റ് പടിഞ്ഞാറ് / വടക്ക് പടിഞ്ഞാറ് അറേബ്യൻ കടലിന്‍റെ മധ്യഭാഗത്തേക്ക് നീങ്ങുന്നുവെന്നും നിലവിൽ  ഒമാന്‍റെ 'റാസ് മദ്രക' തീരത്തിന്റെ ഏറ്റവും അടുത്ത സ്ഥലത്ത് നിന്ന് 800 കിലോമീറ്റർ അകലെയാണെന്നുമാണ് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

അൽ വുസ്ത , അൽ ശർഖിയ , ദോഫാർ   തീരങ്ങളിൽ തിരമാലകൾ   മൂന്നു മീറ്ററുകൾ മുതൽ അഞ്ചു മീറ്ററുകൾ വരെ ഉയരുവാൻ സാധ്യതയുണ്ട്. ചുഴലിക്കൊടുങ്കാറ്റ്  അറബിക്കടലിന്റെ  മധ്യഭാഗത്തേക്ക്   പ്രവേശിക്കുന്നതോടെയാണ് കടൽക്ഷോഭം രൂക്ഷമാവുക. ഇതുമൂലം താഴ്ന്ന തീരപ്രദേശങ്ങളിൽ  വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാ  നിര്‍ദേശങ്ങളും നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട് മുതൽ മേഘക്കൂട്ടങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും തീരത്ത് നിന്ന് 640 കിലോമീറ്റർ അകലെയാണ്  ഇപ്പോൾ മേഘക്കൂട്ടങ്ങൾ ഉള്ളതെന്നും     ഒമാൻ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അധികൃതരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും, ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പിൽ പറയുന്നു. പന്ത്രണ്ടു വർഷത്തിന് ശേഷം അറബിക്കടലിൽ രൂപപെടുന്ന അതി തീവ്രത കൂടിയ ചുഴലിക്കാറ്റാണ് ക്യാർ.

click me!