സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കാന്‍ അവാർഡുകൾ നല്‍കുമെന്ന് പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം

By Web TeamFirst Published Feb 19, 2020, 12:07 AM IST
Highlights

മികച്ച തൊഴിൽ സാഹചര്യത്തിനുള്ള പുരസ്‌ക്കാരം സ്വദേശിവൽക്കരണത്തിനുള്ള പുരസ്‌ക്കാരം എന്നീ രണ്ടു വിഭാഗങ്ങളായാകും അവാർഡ് നൽകുക

റിയാദ്: സ്വദേശിവത്ക്കരണം പ്രോത്സാഹിപ്പിക്കാൻ സൗദിയിൽ തൊഴിൽ മന്ത്രാലയം അവാർഡുകൾ നൽകുന്നു. സ്വദേശിവത്ക്കരണം ഉയർത്താനും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് മന്ത്രാലയം ലേബർ അവാർഡ് എന്ന പേരിൽ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചത്.

മികച്ച തൊഴിൽ സാഹചര്യത്തിനുള്ള പുരസ്‌ക്കാരം സ്വദേശിവൽക്കരണത്തിനുള്ള പുരസ്‌ക്കാരം എന്നീ രണ്ടു വിഭാഗങ്ങളായാകും അവാർഡ് നൽകുക. മികച്ച തൊഴിൽ അന്തരീക്ഷത്തിനുള്ള  വിഭാഗത്തിൽ ആകെ ആറു അവാർഡുകളാണ് നൽകുക. സ്വദേശിവത്ക്കരണ വിഭാഗത്തിൽ പന്ത്രണ്ട് അവാർഡുകളുണ്ടാകും. വൻകിട സ്ഥാപനങ്ങൾക്കുള്ള അവാർഡ്, ചറുകിട- ഇടത്തരം സ്ഥാപനങ്ങൾക്കുള്ള അവാർഡ്, വിജയ സാധ്യതയുള്ള സ്ഥാപനങ്ങൾക്കുള്ള അവാർഡ്, ഒൻപതു വ്യത്യസ്ത മേഖലകളിൽ സ്വദേശിവൽക്കരണം ഉയർത്തുന്ന സ്ഥാപനങ്ങൾക്കുള്ള അവാർഡ് എന്നിങ്ങനെ പന്ത്രണ്ടു അവാർഡുകളാണ്  സ്വദേശിവൽക്കരണ വിഭാഗത്തിൽ നൽകുക.

സൗദിവൽക്കരണം, സ്വദേശി ജീവനക്കാരുടെ തൊഴിൽ സ്ഥിരത, വേതന സുരക്ഷാ പദ്ധതി, ഉന്നത തസ്‌തികകളിൽ സ്വദേശികളുടെ അനുപാതം, മികച്ച മാനേജ്‌മന്റ് തുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ വിലയിരുത്തിയാണ് സ്വദേശിവൽക്കരണ വിഭാഗത്തിൽ അവാർഡിന് അർഹമായ സ്ഥാപനങ്ങളെ കണ്ടെത്തുക. സൗദിവത്ക്കരണ വിഭാഗത്തിലെ അവാർഡിന് പരിഗണിക്കപ്പെടുന്ന സ്ഥാപനങ്ങൾ ഉയർന്ന തോതിൽ സ്വദേശിവത്ക്കരണം പാലിച്ച് പ്ലാറ്റിനം വിഭാഗത്തിൽ ഉൾപ്പെടണമെന്ന വ്യവസ്ഥയുമുണ്ട്.

click me!