ഒമാനിൽ കനത്ത ജാഗ്രത; ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ

By Web TeamFirst Published Jul 25, 2020, 2:29 PM IST
Highlights


ലോക്ക് ഡൗൺ കാലയളവിൽ വൈകുന്നേരം 7 മണി  മുതൽ രാവിലെ 6 മണിവരെ യാത്രകൾക്കും പൊതു സ്ഥലങ്ങളിൽ ഒത്തു ചേരുന്നത് നിരോധിച്ചു കൊണ്ടും വാണിജ്യ സ്ഥാപനങ്ങൾ  അടച്ചിടാനുമാണ് സുപ്രിം കമ്മിറ്റിയുടെ തീരുമാനം. 

മസ്‍കത്ത്: ഒമാനിൽ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിലെ ക്രമാതീതമായ വര്‍ധനവ് കണക്കിലെടുത്ത് ഇന്ന് മുതല്‍ രാജ്യത്തെ  എല്ലാ ഗവര്‍ണറേറ്റുകളും അടച്ചിടും. 15 ദിവസം അടച്ചിടാനാണ് ഒമാന്‍ സുപ്രിം കമ്മറ്റി യുടെ തീരുമാനം. സുൽത്താൻ സായുധ സേനയുമായി ചേർന്ന് ലോക്ഡൗണിനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അടുത്ത രണ്ടാഴ്ചക്കാലം ഗവർണറേറ്റുകൾക്കിടയിലുള്ള യാത്ര അനുവദനീയമായിരിക്കില്ല.

ലോക്ക് ഡൗൺ കാലയളവിൽ വൈകുന്നേരം 7 മണി  മുതൽ രാവിലെ 6 മണിവരെ യാത്രകൾക്കും പൊതു സ്ഥലങ്ങളിൽ ഒത്തു ചേരുന്നത് നിരോധിച്ചു കൊണ്ടും വാണിജ്യ സ്ഥാപനങ്ങൾ  അടച്ചിടാനുമാണ് സുപ്രിം കമ്മിറ്റിയുടെ തീരുമാനം. പകൽ സമയത്ത് പോലീസ് പെട്രോളിങ് ശക്തമാക്കുമെന്നും സുപ്രിം കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ട്. 

വലിയ പെരുന്നാളിനോടനുബന്ധിച്ചിട്ടുള്ള എല്ലാ ആഘോഷങ്ങളും കുടുംബ ഒത്തുചേരലുകളും പെരുന്നാൾ നമസ്കാരങ്ങളും പരമ്പരാഗത   പെരുന്നാൾ കമ്പോളത്തിന്റെ പ്രവർത്തനങ്ങളും നിർത്തിവെക്കുവാനും ഒമാൻ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ആരംഭിക്കുന്ന ലോക്ക് ഡൗൺ ഓഗസ്റ്റ് എട്ട് വരെ  തുടരും. രാത്രി ഏഴു മുതൽ പുലർച്ചെ ആറുമണി വരെ ആയിരിക്കും നിയന്ത്രണം. കാൽനട യാത്ര പോലും ഈ സമയത്ത് അനുവദിക്കില്ല.

ലോക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്ക് 100 ഒമാനി റിയാൽ പിഴ ചുമത്തുകയും ചെയ്യും. ലോക്ഡൗൺ കണക്കിലെടുത്ത് ഷോപ്പിങ് മാളുകളും സൂപ്പർമാർക്കറ്റുകളും സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഒപ്പം മവേല സെൻട്രൽ പഴം പച്ചക്കറി വിപണിയുടെ സമയക്രമത്തിലും മാറ്റം വരുത്തിയതായി മസ്കത്ത് നഗരസഭ അറിയിച്ചു. പുലർച്ച ആറു  മുതൽ ഉച്ചക്ക് രണ്ടുമണി വരെയായിരിക്കും മാർക്കറ്റ് പ്രവർത്തിക്കുക.

click me!