ദുബായില്‍ ഓഫീസിന് തീയിട്ട ശേഷം മുന്‍കാമുകിയെ അടിച്ചുകൊന്ന യുവാവിന് ശിക്ഷ വിധിച്ചു

By Web TeamFirst Published Oct 1, 2018, 7:03 PM IST
Highlights

വൈകുന്നേരംവരെ ഓഫീസിന്റെ വാതിലിന് സമീപത്ത് ഒളിച്ചിരുന്നു. 5.30 ആയപ്പോള്‍ വാതിലില്‍ മുട്ടി. സഹപ്രവര്‍ത്തകരില്‍ ഒരാള്‍ വാതില്‍ തുറന്നപ്പോള്‍ പെട്രോളില്‍ മുക്കിയ തുണി കത്തിച്ച് ഓഫീസിനുള്ളിലേക്ക് എറിഞ്ഞു

ദുബായ്: മുന്‍കാമുകിയെ അവരുടെ ഓഫീസില്‍ വെച്ച് കൊലപ്പെടുത്തിയ യുവാവിന്റെ ജീവപര്യന്തം തടവ് അപ്പീല്‍ കോടതി ശരിവെച്ചു. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാമുകി അവഗണിച്ചുവെന്ന് ആരോപിച്ചായിരുന്നു ബേസ്ബോള്‍ ബാറ്റുകൊണ്ട് അടിച്ചും കഴുത്തില്‍ കത്തി കുത്തിയിറക്കിയും കൊലപ്പെടുത്തിയത്.  കാര്‍ഗോ ഇന്‍സ്പെക്ടറായി ജോലി ചെയ്തിരുന്ന 29 വയസുള്ള കെനിയന്‍ സ്വദേശിയെക്കാണ് ശിക്ഷ ലഭിച്ചത്.

2016 മാര്‍ച്ചിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. അമിതമായ മദ്യപാനം മൂലം കെനിയക്കാരിയായ കാമുകി യുവാവിനെ അവഗണിക്കുകയായിരുന്നു. കുറേദിവസം പിറകെ നടന്നിട്ടും ഫോണ്‍ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ദേറയിലെ ഒരു കടയില്‍ നിന്ന് ബേസ്ബോള്‍ ബാറ്റും കത്തിയും വാങ്ങിയ ശേഷം ഇയാള്‍ യുവതിയുടെ ഓഫീസിലേക്ക് പോയത്. വൈകുന്നേരംവരെ ഓഫീസിന്റെ വാതിലിന് സമീപത്ത് ഒളിച്ചിരുന്നു. 5.30 ആയപ്പോള്‍ വാതിലില്‍ മുട്ടി. സഹപ്രവര്‍ത്തകരില്‍ ഒരാള്‍ വാതില്‍ തുറന്നപ്പോള്‍ പെട്രോളില്‍ മുക്കിയ തുണി കത്തിച്ച് ഓഫീസിനുള്ളിലേക്ക് എറിഞ്ഞു. തീപിടുത്തത്തില്‍ എല്ലാവരും പരിഭ്രമിച്ച സമയം നോക്കി ഇയാള്‍ അകത്തുകടന്നു.

തുടര്‍ന്ന് കാമുകിയെ കണ്ടെത്തി ആക്രമിക്കുകയായിരുന്നു. രക്ഷപെടാനായി ഇവര്‍ ടോയ്‍ലറ്റിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും മറ്റൊരാള്‍ അത് ഉള്ളില്‍ നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ഇതോടെ ബേസ് ബോള്‍ ബാറ്റ് കൊണ്ട് യുവതിയുടെ തലയിലേക്ക് ആഞ്ഞടിച്ചു. ശേഷം മരണം ഉറപ്പാക്കാനായി കത്തികൊണ്ട് കഴുത്തില്‍ കുത്തി. പരിഭ്രാന്തരായ മറ്റ് ജീവനക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ച് ഓഫീസിന് താഴേക്ക് ഓടി. സെക്യൂരിറ്റിയെ വിളിച്ചെങ്കിലും ആരെയും കണ്ടില്ലെന്ന് ഇവര്‍ പറഞ്ഞു. പിന്നീട് പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഇവര്‍ ഓഫീസിലേക്ക് വന്നത്. അപ്പോഴേക്കും പ്രതി രക്ഷപെട്ടിരുന്നു. കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയില്‍ നിലത്ത് വീണുകിടക്കുന്ന അവസ്ഥയിലായിരുന്നു യുവതിയുടെ മൃതദേഹം.

പ്രതി ഓഫീസിലെത്തിയത് മുതലുള്ള എല്ലാ ദൃശ്യങ്ങളും സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഷാര്‍ജയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയും കാമുകിയും നേരത്തെ ഒരു അപ്പാര്‍ട്ട്മെന്റിലായിരുന്നു കഴിഞ്ഞത്. ഇയാളുടെ അമിത മദ്യപാനം മൂലം ബന്ധത്തില്‍ നിന്ന് പിന്മാറിയ ശേഷം ഇവര്‍ താമസവും മാറ്റി. പിന്നീട് ഇയാള്‍ നിരന്തരം ഫോണില്‍ വിളിക്കാറുണ്ടായിരുന്നെങ്കിലും യുവതി പ്രതികരിക്കില്ലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ കൊലപാതകം നടത്തിയെന്നും എന്നാൽ മുൻകൂട്ടി തീരുമാനിച്ചായിരുന്നില്ല കൃത്യം നടത്തിയതെന്നുമായിരുന്നു പ്രതിയുടെ വാദം. 

ഇത് തള്ളിയ കോടതി, തെളിവുകളുടെ അടിസ്ഥാനത്തില്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഇതിനെതിരെയാണ് ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചത്. കുറ്റം ചെയ്തുവെന്ന് അപ്പീല്‍ കോടതിയിലും പ്രതി സമ്മതിച്ചു. എന്നാല്‍ ശിക്ഷാ ഇളവ് വേണമെന്നായിരുന്നു ആവശ്യം. ഇത് തള്ളിയ കോടതി ശിക്ഷ ശരിവെച്ചു. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും. 

click me!