
അബുദാബി: ജീവനക്കാര്‍ക്കായി ലുലു ഗ്രൂപ്പ് പണിത അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയം പ്രവര്‍ത്തനമാരംഭിച്ചു. അബുദാബിയിലെ മുസഫയിലുള്ള ഐക്കാഡ് സിറ്റിയിലാണ് ജീവനക്കാര്‍ക്കായി ലുലു അത്യാധുനിക കെട്ടിട സമുച്ചയം പണിതുയര്‍ത്തിയത്.
10.32 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള സമുച്ചയത്തില്‍ ഏകദേശം പതിനായിരത്തില്‍പ്പരം ജീവനക്കാര്‍ക്ക് വിശാലമായി താമസിക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ സമുച്ചയത്തില്‍ 20 വിവിധോദ്ദേശ്യ കെട്ടിടങ്ങളാണുള്ളത്. ഇതില്‍ മൂന്ന് നിലകളിലായി പണിത 11 കെട്ടിടങ്ങള്‍ ജീവനക്കാര്‍ക്ക് മാത്രം താമസിക്കാനുള്ളതാണ്. ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ഉല്ലാസങ്ങള്‍ക്കായി കായിക വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിട്ട സമുച്ചയം പണിതുയര്‍ത്തുന്നതിന് സ്ഥലം അനുവദിച്ച അബുദാബി ഭരണാധികാരികളോടുള്ള കൃതജ്ഞത ഈ അവസരത്തില്‍ അറിയിക്കുന്നുവെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. സഹപ്രവര്‍ത്തകരുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിന് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നതില്‍ ലുലു ഗ്രുപ്പ് ഏറെ ശ്രദ്ധ പുലര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കളുടെ അകമഴിഞ്ഞ പിന്തുണയുടെയും സഹപ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയുടെയും പരിശ്രമത്തിന്റെയും ഫലമാണ് ഗ്രൂപ്പിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് കാരണമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
ജീവനക്കാരുടെ കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഫുട്‌ബോള്‍ ഗ്രൗണ്ട്, ബാസ്കറ്റ്ബോള്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട് തുടങ്ങിയ ഔട്ട്ഡോര്‍ കായിക ഇനങ്ങള്‍ക്കും ടെബിള്‍ ടെന്നീസ് ഉള്‍പ്പെടെയുള്ള ഇന്‍ഡോര്‍ ഇനങ്ങള്‍ക്കായുള്ള വിശാലമായ സജ്ജീകരണങ്ങളും കെട്ടിട സമുച്ചയത്തിലുണ്ട്. ഇത് കൂടാതെ അത്യാധുനിക സൗകര്യങ്ങളുള്ള ജിനേഷ്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കേന്ദ്രീകൃത അടുക്കള, ഭക്ഷണം കഴിക്കുന്നതിനായി 2 രണ്ട് നിലകളിലായുള്ള വിശാലമായ ഹാള്‍, അത്യാധുനിക ലോണ്‍ഡ്രി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനൊക്കെ പുറമെ കഫ്തീരിയ, റസ്റ്റോറന്റ്, സലൂണ്‍ എന്നിവയും ഇവിടെയുണ്ട്. വിശാലമായ പള്ളി അങ്കണവും ഒരു ക്ലിനിക്കും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സി.സി.ടി.വി ഉള്‍പ്പെടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെക്യൂരിറ്റി സിസ്റ്റവും ഇവിടത്തെ പ്രത്യേകതകളിലൊന്നാണ്.
സഹപ്രവര്‍ത്തകര്‍ക്കായി ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന താമസ സമുച്ചയങ്ങള്‍ മറ്റ് നഗരങ്ങളിലും രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും എം.എ.യൂസഫലി അറിയിച്ചു. ദുബായിലെ സമുച്ചയത്തിന്റെ നിര്‍മ്മാണം ഇതിനകം ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ജി.സി.സി. രാജ്യങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വരും നാളുകളില്‍ ആരംഭിക്കുമെന്നും എം.എ.യൂസഫലി കൂട്ടിച്ചേര്‍ത്തു.
"
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam