
ദുബൈ: ഹെലികോപ്ടര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും കുടുംബവും പ്രത്യേക വിമാനത്തില്‍ അബുദാബിയിലെത്തി. അബുദാബി രാജകുടുംബം അയച്ച ഇത്തിഹാദിന്റെ പ്രത്യേക വിമാനത്തിലാണ് യൂസഫലി മടങ്ങിയത്. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ 5.30ന് യുഎഇയിലെത്തി. അബുദാബിയിലെ വീട്ടില്‍ വിശ്രമത്തിലുള്ള അദ്ദേഹം ദുബൈ സിലിക്കണ്‍ ഓയാസീസില്‍ തുറക്കുന്ന ലുലുവിന്റെ 209-ാമത് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ല.
ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. പനങ്ങാട് ഫിഷറീസ് യൂണിവേഴ്‌സിറ്റി ക്യാമ്പസിനോട് ചേര്‍ന്നുള്ള ചതുപ്പിലേക്ക് ഹെലികോപ്ടര്‍ അടിയന്തരമായി ഇടിച്ചിറക്കുകയായിരുന്നു. അപകടസമയത്ത് ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി. ഹെലിക്കോപ്റ്റർ ചതുപ്പിൽ നിന്ന് നീക്കി, അറ്റകുറ്റപ്പണികൾക്കായി ഹെലിക്കോപ്റ്റർ നെടുമ്പശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റി. നാലു ലീഫുകളും അഴിച്ചു മാറ്റിയ ശേഷം ക്രെയ്ൻ ഉപയോഗിച്ച് ഉയർത്തിയാണ് ഹെലിക്കോപ്റ്റർ ലോറിയിൽ കയറ്റിയത്.
ലുലു ഗ്രൂപ്പിൻ്റെ ഹെലികോപ്റ്ററുകളും വിമാനങ്ങളും അറ്റകുറ്റപ്പണി നടത്തുന്ന കമ്പനിയാണ് ഈ ജോലികൾ ചെയ്തത്. സിയാലിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും വ്യോമയാന വകുപ്പ് അധികൃതരും സ്‌ഥലത്തുണ്ടായിരുന്നു. അപകട കാരണം സ്‌ഥിരീകരിക്കാൻ വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധർ സംഭവസ്ഥലം പരിശോധിച്ച ശേഷമുള്ള റിപ്പോർട്ട് തയ്യാറാക്കി വരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam