സഹോദരനെ സഹായിച്ച് പെരുവഴിയിലായ പ്രവാസിക്കും കുടുംബത്തിനും ഷാര്‍ജയില്‍ ഭക്ഷണം പോലുമില്ലാത്ത നരകജീവിതം

By Web TeamFirst Published Feb 27, 2019, 10:05 AM IST
Highlights

ഭീമമായ തുക പലിശകൊടുത്ത് മടുത്ത ഈ അന്‍പതുകാരനും  കുടുംബത്തിനും ഒടുവില്‍ തലചായ്ക്കാനിടമില്ലാത്ത അവസ്ഥയാണിപ്പോള്‍. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും വലിച്ചെറിയുന്ന ഭക്ഷണം കഴിച്ചാണ് വിശപ്പടക്കുന്നത്.

ഷാര്‍ജയില്‍ നാലംഗ മലയാളി കുടുംബത്തിന് ദുരിത ജീവിതം. കൊല്ലം പരവൂര്‍ സ്വദേശി ഷാജിയും കുടുംബവുമാണ് സഹോദരനെ സാമ്പത്തികമായി സഹായിച്ചതിന്റെ പേരില്‍  താമസിക്കാന്‍ ഇടം പോലുമില്ലാതെ പെരുവഴിയിലായത്.

സ്വന്തം സഹോദരന്‍കാരണം പെരുവഴിയിലായതാണ് ഷാജിയും കുടുംബവും. ദുബായിലുള്ള  ജ്യേഷ്ടന്റെ ബിസിനസ് ആവശ്യത്തിനായി 60,000 ദിര്‍ഹം പലിശയ്ക്കെടുത്തതോടെയാണ് കൊല്ലം സ്വദേശി ഷാജിയുടെ ദുരിതം തുടങ്ങുന്നത്. സഹോദരന്റെ കാര്‍ഗോ ബിസിനസ് പച്ചപിടിച്ചതോടെ ഷാജിയെ കമ്പനിയില്‍ നിന്നും ഇറക്കി വിട്ടു. ഭീമമായ തുക പലിശകൊടുത്ത് മടുത്ത ഈ അന്‍പതുകാരനും  കുടുംബത്തിനും ഒടുവില്‍ തലചായ്ക്കാനിടമില്ലാത്ത അവസ്ഥയാണിപ്പോള്‍. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും വലിച്ചെറിയുന്ന ഭക്ഷണം കഴിച്ചാണ് വിശപ്പടക്കുന്നത്.

നാലുപോര്‍ക്കും മൂന്നുവര്‍ഷമായി വിസയില്ല. വാടക മുടങ്ങിയപ്പോള്‍  റൂമിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതോടെ  പ്രഭാത കര്‍മ്മങ്ങള്‍ക്കുപോലും അടുത്തുള്ള പള്ളിയേയും ഷോപ്പിങ് മാളുകളേയും ആശ്രയിച്ചു. ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് പ്ലസ് വണ്ണില്‍ പഠിക്കുന്ന മൂത്തമകന്‍ റാഫിന് അടുത്തയാഴ്ച തുടങ്ങുന്ന പൊതുപരീക്ഷ എഴുതാനും കഴിയില്ല. കാര്യത്തിന്റെ ഗൗരവമൊന്നുമറിയാത്ത ഒന്നാംക്ലാസ്സുകാരിയോടും ഇനി സ്കൂളില്‍ വരേണ്ടെന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്.

25 വര്‍ഷം ഗള്‍ഫില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ ആറ് സെന്റ് സ്ഥലവും വീടും സഹോദരനുവേണ്ടിയെടുത്ത കടം വീട്ടാന്‍ വിറ്റു. അതുകൊണ്ട് നാട്ടിലേക്കുള്ള മടക്കത്തെകുറിച്ചാലോചിക്കാനാവില്ലെന്നും ഷാജി പറയുന്നു. ആപത്ത് കാലത്ത് വീട്ടുകാര്‍ കൈയ്യൊഴിഞ്ഞെങ്കിലും പ്രവാസലോകത്തെ സുമനസ്സുകളിലാണ് ഈ നാലംഗകുടുംബത്തിന്‍റെ പ്രതീക്ഷ.
 

click me!