ജോലി തേടി സൗദിയിലെത്തിയ മലയാളി യുവാവ് സ്പോൺസറുടെ തടവറയിൽ; സഹായമഭ്യര്‍ത്ഥിച്ച് കുടുംബം

Published : Nov 08, 2019, 10:10 PM IST
ജോലി തേടി സൗദിയിലെത്തിയ മലയാളി യുവാവ് സ്പോൺസറുടെ തടവറയിൽ; സഹായമഭ്യര്‍ത്ഥിച്ച് കുടുംബം

Synopsis

ഭാര്യ റാഷിദ ഗർഭിണിയായിരുന്നപ്പോഴാണ് അൻഷാദ് വിദേശത്തേക്ക് പോയത്. ഇപ്പോൾ 2 വയസുള്ള മകൻ ഉമറുൽ ഫറൂഖിന്റെ മുഖം പോലും കാണാനുള്ള ഭാഗ്യം അൻഷാദിന് ഉണ്ടായിട്ടില്ല.

അമ്പലപ്പുഴ: രണ്ട് വർഷം മുൻപ് ജോലി തേടി വിദേശത്തു പോയ യുവാവ് സ്പോൺസറുടെ തടവറയിൽ. യുവാവിനെ രക്ഷപെടുത്താൻ അധികൃതര്‍ക്ക് മുന്നില്‍ പരാതിയുമായി ബന്ധുക്കൾ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാർഡ് കാക്കാഴം പുതുവൽ ജലാലുദീൻ ലൈല ദമ്പതികളുടെ മകൻ അൻഷാദാ (27)ണ് സൗദി അറേബ്യയിൽ പീഡനത്തിനിരയായി തടവറയിൽ കഴിയുന്നത്. 2017 ഒക്ടോബർ 18നാണ് സുഹൃത്തിന്റെ ബന്ധു നൽകിയ വിസയിൽ റിയാദിലെത്തിയത്. 

വിസക്കായി എൺപതിനായിരം രൂപയും നൽകിയിരുന്നു. സൗദി പൗരന്റ വീട്ടിലെ മജ്ലിസിലെത്തുന്ന അതിഥികൾക്ക് ചായ നൽകുന്ന ജോലിയാണെന്ന് പറഞ്ഞാണ് റിയാദിലെത്തിച്ചതെങ്കിലും ഈ ജോലി നൽകാതെ മരുഭൂമിയിൽ കൊണ്ടുപോയി ടെന്റിൽ പാർപ്പിച്ച് ഒട്ടകങ്ങളെ പരിപാലിക്കുന്ന ജോലി നൽകുകയായിരുന്നു. വാഗ്ദാനം ചെയ്ത ജോലി ആവശ്യപ്പെട്ടപ്പോൾ ക്രൂരമായി മർദിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ കുളിക്കാനോ കഴിയാതെ നരക ജീവിതം നയിക്കുകയാണ് അൻഷാദ്. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് റിയാദിലുള്ള സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് എംബസിയിലും മറ്റും പരാതി നൽകിയെങ്കിലും യുവാവിനെ നാട്ടിലെത്തിക്കാനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.

ഒരാഴ്ച മുൻപ് സ്പോൺസർ ഉറങ്ങിക്കിടന്നപ്പോൾ അൻഷാദ് മൊബൈലിൽ വളഞ്ഞ വഴി സ്വദേശിയായ യുവാവിനെ വിളിച്ച് തന്റെ ദുരിതം പറഞ്ഞിരുന്നു. പുറം ലോകം പോലും കാണാൻ കഴിയാതെ തടവറയിൽ കിടന്ന അൻഷാദ് കഴിഞ്ഞ ദിവസം ഇവിടെ നിന്ന് രക്ഷപെട്ട് 90 കി.മീറ്ററോളം നടന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും പൊലീസുദ്യോഗസ്ഥർ സ്പോൺസറെ വിളിച്ചു വരുത്തി തിരികെ ഏൽപ്പിക്കുകയായിരുന്നു. 

ബധിരനും മൂകനുമായ പിതാവും മാതാവും ഭാര്യയുമടങ്ങുന്ന അൻഷാദിന്റെ കുടുംബം ഇപ്പോൾ  പ്രാർത്ഥനയിലാണ്. ഭാര്യ റാഷിദ ഗർഭിണിയായിരുന്നപ്പോഴാണ് അൻഷാദ് വിദേശത്തേക്ക് പോയത്. ഇപ്പോൾ രണ്ട് വയസുള്ള മകൻ ഉമറുൽ ഫറൂഖിന്റെ മുഖം പോലും കാണാനുള്ള ഭാഗ്യം അൻഷാദിന് ഉണ്ടായിട്ടില്ല. യുവാവിനെ അടിയന്തിരമായി മോചിപ്പിച്ച് നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, മന്ത്രി ജി. സുധാകരൻ, അഡ്വ: എ.എം.ആരിഫ് എം.പി, നോർക്ക എന്നിവർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അറേബ്യയിൽ ഇന്ത്യക്കാരായ ദമ്പതികൾ കത്തിക്കുത്തേറ്റു മരിച്ചു, കൗമാരക്കാരനായ ഏക മകൻ ജീവനൊടുക്കിയ നിലയിൽ
24 മണിക്കൂറും തടസമില്ലാത്ത സേവനം; കുവൈറ്റിൽ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാക്കി മന്ത്രാലയം