
ഷാര്‍ജ: ഷാര്‍ജയിലെ പ്രവാസികള്‍ക്കിടയില്‍ നിറസാന്നിധ്യമായിരുന്ന ഷാർജ റൂളേഴ്‌സ് ഓഫീസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ കണ്ണൂർ അഴീക്കോട് സ്വദേശി ബാലചന്ദ്രൻ തെക്കന്മാർ (ബാലു - 78) ഷാർജയിൽ നിര്യാതനായി. 50 വര്‍ഷത്തോളം പ്രവാസിയായിരുന്ന അദ്ദേഹം ഷാർജ അൽ സഹിയയിൽ സ്വന്തം വീട്ടിലായിരുന്നു താമസം. 1974 മുതല്‍ ഷാര്‍ജയില്‍ പ്രവാസിയാണ്.
ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ സീനിയര്‍ അംഗം കൂടിയാണ്. ആദ്യപുസ്തകമായ ‘എസൻസ് ഓഫ് ലൈഫ് ആൻഡ് അദർ സ്റ്റോറി’ സമർപ്പിച്ചത് യുഎഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് വേണ്ടിയായിരുന്നു. ഷാർജ ഭരണാധികാരിയുടെ ഓഫീസും ഷാർജ ഇന്ത്യൻ അസോസിയേഷനും ഇന്ത്യൻ കോൺസുലേറ്റും തമ്മിലുള്ള ഒരു പാലമായി വർത്തിച്ചു. ഭരണാധികാരിയോട് നേരിട്ട് ഇടപെടാന്‍ അധികാരപ്പെട്ട അപൂർവ ഉദ്യോഗസ്ഥൻമാരില്‍ ഒരാളായിരുന്നു അദ്ദേഹം.
2001ല്‍ ഷാർജ ഗവൺമെന്‍റിന്‍റെ ഏറ്റവും മികച്ച ജീവനക്കാരനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. എഴുത്തുകാരൻ കൂടിയായ ബാലചന്ദ്രൻ നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിനിമകള്‍ക്കും ആൽബങ്ങൾക്കും വേണ്ടി ഗാനങ്ങൾ രചിച്ചു. ഇംഗ്ലീഷ് ഷോർട്ട് സ്റ്റോറി സമാഹാരമായ ‘റിഫ്ലക്ഷൻസ്’ അടക്കം കൃതികൾ പ്രസിദ്ധപ്പെടുത്തി.
പരേതരായ മൈലപ്പുറത്ത് കുഞ്ഞിരാമൻ നായരുടെയും തെക്കൻമാർവീട്ടിൽ അമ്മുക്കുട്ടിയുടെയും മകനാണ്. ഭാര്യ: പ്രേമജ, മക്കൾ: സുഭാഷ് (ഓസ്‌ട്രേലിയ), ഡോ.സജിത (ഷാർജ). സഹോദരങ്ങൾ: രാധാകൃഷ്ണൻ, ഗോപിനാഥൻ, പ്രേമവല്ലി, സാവിത്രി, പരേതരായ പ്രഭാകരൻ നായർ, ജനാർദ്ദനൻ നായർ, മുകുന്ദൻ നായർ, പുരുഷോത്തമൻ നായർ. സംസ്‌കാരം ഷാർജയിൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam