നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

By Web TeamFirst Published Jul 14, 2021, 7:51 PM IST
Highlights

ചൊവ്വാഴ്ച്ച വൈകുന്നേരം റൂമിലെത്തിയ സഹപ്രവർത്തകരാണ് നിലത്തു ബോധമില്ലാതെ കിടക്കുന്ന സനീഷിനെ കണ്ടെത്തിയത്. 

റിയാദ്: നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുപ്പ് പൂർത്തിയാക്കിയിരുന്ന മലയാളി, കിഴക്കൻ സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. നവയുഗം സാംസ്‍കാരികവേദി അൽഹസ്സ സനാഇയ്യ യൂണിറ്റ് അംഗം പാലക്കാട് ചുനങ്ങാട് മനക്കൽപടി പുത്തൻപുരക്കൽ വീട്ടിൽ സനീഷ് പി (38) ആണ് മരിച്ചത്. ഈ മാസം 22ന് നാട്ടിലേയ്ക്ക് മടങ്ങാൻ മടങ്ങാൻ ടിക്കറ്റ് എടുത്തു തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം പിടികൂടിയത്. 

കഴിഞ്ഞ അഞ്ചു വർഷമായി, അൽഹസ്സയിൽ ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സനീഷ്.  ചൊവ്വാഴ്ച്ച വൈകുന്നേരം സനീഷിന്റെ റൂമിലെത്തിയ സഹപ്രവർത്തകരാണ് നിലത്തു ബോധമില്ലാതെ കിടക്കുന്ന സനീഷിനെ കണ്ടെത്തിയത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്ന് ഡോക്ടർമാർ സ്ഥിതീകരിച്ചു. 

രാമചന്ദ്രൻ - ഇന്ദിര ദമ്പതികളുടെ മകനാണ് സനീഷ്. ദൃശ്യ ആണ് ഭാര്യ. രണ്ടു കുട്ടികളുമുണ്ട്. സനീഷിന്റെ ആകസ്മിക നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സനീഷിന് ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ വിയോഗത്തിൽ ആ കുടുംബത്തിനുണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായും കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ബെൻസി മോഹനും ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവനും അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നു.

click me!