
ഷാർജ: ഷാർജയിൽ നിന്ന് കാണാതായ മലയാളി യുവതിയെ ദുബൈയിൽ കണ്ടെത്തി. അബു ഷഗാരയിലെ ക്ലിനിക്കിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ 22 വയസ്സുകാരിയായ റിതിക സുധീറിനെയാണ് 40 കിലോമീറ്റർ അകലെ ദുബൈ ഊദ് മേത്തയിൽ കണ്ടെത്തിയത്. മാധ്യമങ്ങളിലെ വാര്‍ത്ത കണ്ട ഒരാള്‍ യുവതിയെ തിരിച്ചറിഞ്ഞ് വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
ഊദ് മേത്തയിൽ വെച്ച് പൊതുജനങ്ങളിൽ ഒരാളാണ് റിതികയെ ആദ്യം കണ്ടതെന്നും കുടുംബത്തെ വിവരമറിയിക്കുകയായിരുന്നുവെന്നും സംഭവവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച രാവിലെ സഹോദരനൊപ്പം ക്ലിനിക്കിൽ പോയപ്പോഴാണ് റിതികയെ കാണാതായത്. തുടർന്ന് റിതികയെ കണ്ടെത്താൻ കുടുംബം സഹായം അഭ്യർത്ഥിച്ചിരുന്നു.
സഹോദരന് രക്തപരിശോധന നടത്താൻ വേണ്ടി ക്ലിനിക്കിലേക്ക് കൂടെ പോയതായിരുന്നു റിതിക. സഹോദരൻ കൂടെ ഉണ്ടായിരുന്നു. രക്തപരിശോധനയ്ക്ക് ശേഷം സഹോദരൻ ഡോക്ടറെ കാണാൻ മുറിയിലേക്ക് പോവുകയും റിതികയോട് പുറത്ത് കാത്തിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തിരികെ വരുമ്പോൾ റിതികയെ അവിടെങ്ങും കണ്ടില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, രാവിലെ 8:30-ന് റിതിക ക്ലിനിക്കിന്‍റെ പിൻഭാഗത്തുള്ള കവാടത്തിലൂടെ പുറത്തേക്ക് പോകുന്നതായി കണ്ടെത്തി. ഇതോടെ കുടുംബം ഷാർജ പൊലീസിൽ പരാതി നൽകുകയും റിതികയുടെ ചിത്രങ്ങളും വിവരങ്ങളും വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ വെള്ളയും കറുപ്പും വരകളുള്ള നീളൻ ഷർട്ടും കറുത്ത പാന്‍റും ധരിച്ച റിതിക കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങി ചുറ്റും നോക്കിയ ശേഷം നടന്നുപോകുന്നതായി കാണാമായിരുന്നു.
കഴിഞ്ഞ 27 വർഷമായി യുഎഇയിൽ താമസിക്കുന്ന കുടുംബത്തിലെ രണ്ട് മക്കളിലൊരാളായ റിതിക യുഎഇയിൽ തന്നെയാണ് ജനിച്ച് വളർന്നത്. പത്താം ക്ലാസ് വരെ ഷാർജയിൽ പഠിച്ച ശേഷം പഠനം ഉപേക്ഷിച്ചു. ചിത്രരചനയിലും പെയിന്റിങ്ങിലുമൊക്കെ തത്പരയായതിനാൽ വീട്ടിൽ അധ്യാപകനെത്തി പഠിപ്പിച്ചുവരികയായിരുന്നു. അതുകൊണ്ട് തന്നെ സൗഹൃദങ്ങളും കുറവായിരുന്നെന്ന് റിതികയുടെ പിതാവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 'നിങ്ങളുടെയെല്ലാം സഹായത്തിന് ഒരുപാട് നന്ദി. അവളെ കണ്ടെത്തി, ഇപ്പോൾ അവൾ ഞങ്ങളോടൊപ്പം സുരക്ഷിതയാണ്' റിതികയുടെ പിതാവ് സുധീർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ