അർബുദബാധിതനായ മലയാളി യുവാവ് റിയാദിൽ മരിച്ചു

By Web TeamFirst Published May 7, 2020, 10:19 AM IST
Highlights

ഒരു വർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിലെത്തിയ യുവാവ് റിയാദിൽ നിന്നും 300 കിലോമീറ്ററകലെ ശഖ്റയിലാണ് ജോലി ചെയ്തിരുന്നത്. രണ്ടാഴ്ച മുമ്പ് അസുഖം മൂർഛിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു

റിയാദ്: അർബുദ ബാധിതനായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോതമംഗലം ചെറുവട്ടൂർ സ്വദേശി കണിച്ചാട്ട് അന്തുവിന്‍റെ മകൻ ബിലാൽ (24) റിയാദ് ബദീഅയിലെ കിങ്ങ് സൽമാൻ ആശുപത്രിയിലാണ് മരിച്ചത്. ബിലാലിനെ ചൊവ്വാഴ്ചയാണ് ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഒരു വർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിലെത്തിയ യുവാവ് റിയാദിൽ നിന്നും 300 കിലോമീറ്ററകലെ ശഖ്റയിലാണ് ജോലി ചെയ്തിരുന്നത്.

രണ്ടാഴ്ച മുമ്പ് അസുഖം മൂർഛിച്ചതിനെ തുടർന്ന് ശഖ്റയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായപ്പോൾ അവിടെ നിന്നും വിദഗ്ധ ചികിത്സക്കായി ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെയും മറ്റ് സംഘടനകളുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് ബിലാലിനെ റിയാദിലേക്ക് കൊണ്ടുവന്നത്.

തിരുവനന്തപുരം റീജനൽ കാൻസർ സെൻററിൽ എത്തിച്ച് വിദഗ്ധ ചികിത്സയ്ക്ക് എത്രയും വേഗം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടയിലാണ് മരണം. കോതമംഗലം എംഎൽഎ ആൻറണി ജോൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെഎം പരീത്, സിപിഎം കോതമംഗലം ഏരിയ സെക്രട്ടറി അനിൽകുമാർ, ഇടുക്കി എംപി ഡീൻ കുര്യാക്കോസ് തുടങ്ങിയവർ ഈ ആവശ്യത്തിനായി ഇടപെട്ടിരുന്നു.


 

click me!