യുഎഇയിലെ ഷോപ്പിങ് മാളില്‍ വെച്ച് പെണ്‍കുട്ടികളുടെ വീഡിയോ എടുത്തു; യുവാവ് കുടുങ്ങി

By Web TeamFirst Published Jan 10, 2019, 5:11 PM IST
Highlights

അജ്മാനിലെ ചൈന മാളിലായിരുന്നു സംഭവം. ഏഷ്യക്കാരായ രണ്ട് പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്. യുവാവ് രഹസ്യമായി വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന സംശയം തോന്നിയ ഒരു പെണ്‍കുട്ടി ഇയാളുടെ അടുത്ത് ചെന്ന് ഫോണ്‍ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

അജ്മാന്‍: ഷോപ്പിങ് മാളില്‍ വെച്ച് രഹസ്യമായി പെണ്‍കുട്ടികളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് കുടുങ്ങി. ഇയാളുടെ മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടുന്നതിനൊപ്പം 5000 ദിര്‍ഹം പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അല്‍ ബയാന്‍ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അജ്മാനിലെ ചൈന മാളിലായിരുന്നു സംഭവം. ഏഷ്യക്കാരായ രണ്ട് പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്. യുവാവ് രഹസ്യമായി വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന സംശയം തോന്നിയ ഒരു പെണ്‍കുട്ടി ഇയാളുടെ അടുത്ത് ചെന്ന് ഫോണ്‍ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇരുവരും കടകളില്‍ കയറുന്നതിന്റെയും മാളിലൂടെ നടക്കുന്നതിന്റെയും ഏഴ് വീഡിയോ ക്ലിപ്പുകളാണ് അതിലുണ്ടായിരുന്നത്.

ഇതോടെ പെണ്‍കുട്ടികള്‍ പരാതിപ്പെട്ടു. എന്നാല്‍ താന്‍ കടകളുടെ ദൃശ്യങ്ങളാണ് പകര്‍ത്തിയതെന്നും പെണ്‍കുട്ടികള്‍ അബദ്ധത്തില്‍ ഫ്രെയിമില്‍ ഉള്‍പ്പെടുകയായിരുന്നുവെന്നും ഇയാള്‍ പ്രോസിക്യൂഷന്‍ അധികൃതരോട് പറഞ്ഞു. പെണ്‍കുട്ടികളെ വീഡിയോയില്‍ പകര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കോടതിയില്‍ വാദിച്ചുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

അനുമതിയില്ലാതെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് കടുത്ത ശിക്ഷ വിധിച്ച വാര്‍ത്തകള്‍ യുഎഇയില്‍ നിന്ന് നേരത്തെയും പുറത്തുവന്നിരുന്നു. ബീച്ചിന്റെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സ്ത്രീക്കെതിരെ ചിത്രത്തില്‍ ഉള്‍പ്പെട്ട മറ്റൊരു സ്ത്രീ നല്‍കിയ പരാതിയില്‍ ഒന്നര ലക്ഷം ദിര്‍ഹം പിഴ ശിക്ഷ കോടതി വിധിച്ചിരുന്നു. പൊതുസ്ഥലത്തുനിന്ന് കരയുകയായിരുന്ന തൊഴിലാളിയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. 

വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം കാര്യങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുമെന്നും ഒന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷ ലഭിക്കുമെന്നും നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

click me!