കളിയാക്കിയതിന്റെ പേരില്‍ സുഹൃത്തിനെ ഫ്രയിങ് പാന്‍ കൊണ്ട് അടിച്ചുകൊന്ന പ്രവാസിക്ക് വധശിക്ഷ

By Web TeamFirst Published Apr 19, 2019, 4:40 PM IST
Highlights

മറ്റുള്ളവരോട് സംസാരിക്കുന്നതിനിടെ, എല്ലാവരുടെയും മുന്നില്‍ വെച്ച് സുഹൃത്ത് നേരത്തെ തന്റെ കാര്യം പറഞ്ഞ് കളിയാക്കിയെന്നും തന്നെ അനുകരിച്ചുവെന്നും ഇയാള്‍ മനസിലാക്കി. ദേഷ്യത്തില്‍ മുറിയിലേക്ക് ചെന്ന ഇയാള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സുഹൃത്തിനെ വിളിച്ചുണര്‍ത്തി മുഖത്ത് അടിക്കുകയായിരുന്നു.

ഷാര്‍ജ: ഒരു മുറിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സുഹൃത്തിനെ പാത്രം കൊണ്ട് അടിച്ചുകൊന്ന പ്രവാസിക്ക് വധശിക്ഷ. മറ്റുള്ളവവരുടെ മുന്നില്‍ വെച്ച് തന്നെ കളിയാക്കിയതിന്റെ പ്രതികാരമായിട്ടായിരുന്നു 63 വയസുകാരനെ ഏഷ്യക്കാരനായ പ്രതി കൊലപ്പെടുത്തിയത്. ഫ്രയിങ് പാന്‍ കൊണ്ടുള്ള അടിയെ തുടര്‍ന്ന് തലയില്‍ ആന്തരിക രക്തസ്രാവം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

2018 ഏപ്രില്‍ 10നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു പ്രതിയും കൊല്ലപ്പെട്ടയാളും അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞിരുന്നത്. ഇരുവരും ഒരു മുറിയിലുമായിരുന്നു. സംഭവ ദിവസം രാത്രി വൈകിയാണ് പ്രതി ഫ്ലാറ്റിലെത്തിയത്. അപ്പോഴേക്കും സുഹൃത്ത് ഉറങ്ങിയിരുന്നു. മറ്റുള്ളവരോട് സംസാരിക്കുന്നതിനിടെ, എല്ലാവരുടെയും മുന്നില്‍ വെച്ച് സുഹൃത്ത് നേരത്തെ തന്റെ കാര്യം പറഞ്ഞ് കളിയാക്കിയെന്നും തന്നെ അനുകരിച്ചുവെന്നും ഇയാള്‍ മനസിലാക്കി. ദേഷ്യത്തില്‍ മുറിയിലേക്ക് ചെന്ന ഇയാള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സുഹൃത്തിനെ വിളിച്ചുണര്‍ത്തി മുഖത്ത് അടിക്കുകയായിരുന്നു.

ഉറക്കത്തില്‍ നിന്ന് എഴുനേറ്റ് സുഹൃത്ത് തള്ളിമാറ്റിയപ്പോള്‍ അടുക്കളയിലേക്കോടി ഫ്രയിങ് പാനുമായി തിരികെ വന്ന് തലയ്ക്കടിച്ചു. ബോധരഹിതനായി നിലത്തുവീണ ഇയാളുടെ കൈയും കാലും കൂട്ടിക്കെട്ടി. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഏറെ നേരം കളിഞ്ഞ് വീട്ടിലെ മറ്റൊരാളെ സുഹൃത്തിനെ വിളിച്ച് തന്റെ മുറിയില്‍ പോയി നോക്കാനും അവിടെ കിടക്കുന്നയാളെ ആശുപത്രിയില്‍ കൊണ്ടുപോകാനും പറ‍ഞ്ഞു. എന്നാല്‍ മറ്റുള്ളവര്‍ പോയി നോക്കിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പ്രതി മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്ന് ഇയാളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. കൊലപ്പെടുത്തണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. രോഗം തെളിയിക്കുന്ന മെഡിക്കല്‍ രേഖകളും ഇയാള്‍ ഹാജരാക്കി. കൊല്ലപ്പെട്ടയാളുടെ കുടുംബം ബ്ലഡ് മണി സ്വീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇവരുമായി സംസാരിച്ച് ഒത്തുതീര്‍പ്പിലെത്താന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു. 

click me!