യുഎഇ ഡ്രൈവിങ് ലൈസന്‍സിന് വേണ്ടി വ്യാജ ലൈസന്‍സ് ഉണ്ടാക്കിയയാള്‍ക്കെതിരെ നടപടി

By Web TeamFirst Published Jan 25, 2020, 10:57 PM IST
Highlights

തന്റെ പേരിലുള്ള സൗദി ഡ്രൈവിങ് ലൈസന്‍സ് യുഎഇ ലൈസന്‍സായി മാറ്റി നല്‍കണമെന്ന അപേക്ഷയുമായാണ് ഇയാള്‍ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി അധികൃതരെ സമീപിച്ചത്. അപേക്ഷ അംഗീകരിച്ച ആര്‍ടിഎ, ഇയാള്‍ക്ക് ലൈസന്‍സ് അനുവദിക്കുകയും ചെയ്തു. 

ദുബായ്: യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനായി, സൗദി ലൈസന്‍സ് വ്യാജമായുണ്ടാക്കിയ 31കാരനെതിരെ നടപടി. സൗദി ആഭ്യന്തര മന്ത്രാലയം നല്‍കിയ ഡ്രൈവിങ് ലൈസന്‍സെന്ന പേരില്‍ വ്യാജ രേഖയുണ്ടാക്കി ഇയാള്‍ യുഎഇ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി മുമ്പാകെ സമര്‍പ്പിക്കുകയായിരുന്നു. നേരത്തെ നടന്ന സംഭവത്തില്‍ അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വ്യാജരേഖ ചമച്ചതിനാണ് പ്രതിയായ യുഎഇ പൗരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് രണ്ടാം തവണയാണ് ഇപ്പോള്‍ കോടതി പരിഗണിക്കുന്നത്. നേരത്തെ ഇയാള്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷ നല്‍കാനും യുഎഇയില്‍ നിന്ന് അനധികൃതമായി സമ്പാദിച്ച ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനും കോടതി ഉത്തരവിട്ടിരുന്നു.

തന്റെ പേരിലുള്ള സൗദി ഡ്രൈവിങ് ലൈസന്‍സ് യുഎഇ ലൈസന്‍സായി മാറ്റി നല്‍കണമെന്ന അപേക്ഷയുമായാണ് ഇയാള്‍ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി അധികൃതരെ സമീപിച്ചത്. അപേക്ഷ അംഗീകരിച്ച ആര്‍ടിഎ, ഇയാള്‍ക്ക് ലൈസന്‍സ് അനുവദിക്കുകയും ചെയ്തു. ഇതിന് ശേഷം സൗദി ലൈസന്‍സ് ഇത്തരത്തില്‍ മാറ്റി നല്‍കിയിട്ടുണ്ടെന്ന വിവരം സൗദി ആഭ്യന്തര മന്ത്രാലയത്തെ യുഎഇ അറിയിച്ചു.

ഇതിനുള്ള മറുപടിയിലാണ് ഇത്തരത്തിലൊരു ലൈസന്‍സ് അനുവദിച്ചിട്ടില്ലെന്ന വിവരം സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. വ്യാജ രേഖയാണ് ഇയാള്‍ ഹാജരാക്കിയതെന്ന് മനസിലായതോടെ ക്രിമിനല്‍ കേസുമായി അധികൃതര്‍ മുന്നോട്ടുപോകുകയായിരുന്നു. സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കത്താണ് പ്രധാന തെളിവായി കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയത്. കേസില്‍ ജനുവരി 29ന് കോടതി വിധി പറയും.

click me!