യുഎഇയില്‍ കാമുകിയെ കൊന്ന് മൃതദേഹം ട്രാവല്‍ ബാഗില്‍ ഒളിപ്പിച്ച കേസില്‍ വീണ്ടും വിചാരണ നടത്താന്‍ ഉത്തരവ്

Published : Apr 06, 2019, 12:45 PM IST
യുഎഇയില്‍ കാമുകിയെ കൊന്ന് മൃതദേഹം ട്രാവല്‍ ബാഗില്‍ ഒളിപ്പിച്ച കേസില്‍ വീണ്ടും വിചാരണ നടത്താന്‍ ഉത്തരവ്

Synopsis

ജീവപര്യന്തം തടവിനെതിരെ ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചപ്പോഴാണ് ശിക്ഷ ഏഴ് വര്‍ഷമാക്കി കുറച്ചത്. എന്നാല്‍ വീണ്ടും അപ്പീലുമായി പരമോന്നത കോടതിയിലെത്തിയപ്പോള്‍ പ്രാഥമിക കോടതിയുടെ വിധി തന്നെയാണ് ശരിയെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. 

ദുബായ്: കാമുകിയെ കൊന്ന് മൃതദേഹം ട്രാവല്‍ ബാഗില്‍ ഒളിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ വീണ്ടും വിചാരണ നടത്താന്‍ ദുബായ് പരമോന്നത കോടതി വിധിച്ചു. നേരത്തെ പ്രതിക്ക് ശിക്ഷായിളവ് നല്‍കിയ അപ്പീല്‍ കോടതി വിധി, പരമോന്നത കോടതി റദ്ദാക്കുകയും ചെയ്തു. കടം വാങ്ങിയ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കാമുകിയെ അവരുടെ ഫ്ലാറ്റില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊന്ന 31കാരനായ ലെബനീസ് പൗരനാണ് വീണ്ടും വിചാരണ നേരിടേണ്ടത്. ആദ്യം കേസ് പരിഗണിച്ച പ്രാഥമിക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും ഇത് റദ്ദാക്കിയ അപ്പീല്‍ കോടതി, ശിക്ഷ ഏഴ് വര്‍ഷം തടവായി കുറയ്ക്കുകയായിരുന്നു. ഇതാണ് പരമോന്നത കോടതി റദ്ദാക്കിയത്.

ജീവപര്യന്തം തടവിനെതിരെ ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചപ്പോഴാണ് ശിക്ഷ ഏഴ് വര്‍ഷമാക്കി കുറച്ചത്. എന്നാല്‍ വീണ്ടും അപ്പീലുമായി പരമോന്നത കോടതിയിലെത്തിയപ്പോള്‍ പ്രാഥമിക കോടതിയുടെ വിധി തന്നെയാണ് ശരിയെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. അപ്പീല്‍ കോടതിയില്‍ വേറെ ജഡ്ജിമാര്‍ അടങ്ങിയ ബഞ്ച് കേസ് വീണ്ടും പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു.

പലപ്പോഴായി വന്‍തുക വാങ്ങിയ ശേഷം വിയറ്റ്നാം സ്വദേശിയായ കാമുകി മനഃപൂര്‍വ്വം അകന്നപ്പോഴാണ് യുവാവ് പണം തിരിച്ചുചോദിച്ചത്. ഇത് നല്‍കാതെ വന്നപ്പോള്‍ ഇരുവരും തമ്മില്‍ കടുത്ത വാക്കുതര്‍ക്കമുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം ബാഗില്‍ ഒളിപ്പിച്ചു. ഫ്ലാറ്റിലുണ്ടായിരുന്ന ആഭരണങ്ങളും പണവും മോഷ്‌ടിച്ച ശേഷമാണ് പ്രതി സ്ഥലംവിട്ടത്. 

2016ല്‍ നിശാക്ലബില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് യുവതിയുടെ ഫ്ലാറ്റിലെ നിത്യസന്ദര്‍ശകനായി മാറി. മാസങ്ങള്‍ക്ക് ശേഷം ഇവര്‍ ഒരുമിച്ച് നാല് ദിവസത്തെ യാത്രയ്‌ക്ക് പദ്ധതിയിട്ടു. ഇതിനിടെ വെച്ച് തനിക്ക് അടിയന്തരമായി നാട്ടില്‍ പോകണമെന്നും പണം വേണമെന്നും ആവശ്യപ്പെട്ടു. യുവാവ് 50,000 ദിര്‍ഹം നല്‍കി. എന്നാല്‍ നാട്ടില്‍ പോയിവന്ന ശേഷം താനുമായി അകന്നുനില്‍ക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് യുവാവ് പറഞ്ഞു. പിന്നീട് മാസങ്ങള്‍ക്ക് ശേഷം താന്‍ ഒരു ബ്യൂട്ടി സലൂണ്‍ തുടങ്ങുകയാണെന്നും പണം നല്‍കിയാല്‍ അതില്‍ പങ്കാളിയാക്കാമെന്നും യുവതി ഇയാളെ അറിയിച്ചു. എന്നാല്‍ പണം നല്‍കിയെങ്കിലും ബിസിനസില്‍ പങ്കാളിയാക്കിയില്ല. 

ഇത് ചോദിക്കാനാണ് ഒരുദിവസം രാത്രി യുവതിയുടെ ഫ്ലാറ്റില്‍ പോയത്. ബന്ധം തുടരാന്‍ താല്‍പര്യം ഇല്ലെങ്കില്‍ പറയണമെന്നും തനിക്ക് പണം തിരികെ വേണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ യുവതി വളരെ മോശമായി പെരുമാറി. പിന്നീട് പലതവണ ഇക്കാര്യം സംസാരിക്കാന്‍ ഫ്ലാറ്റില്‍ പോയി. സംഭവ ദിവസം പണം തിരികെ നല്‍കില്ലെന്ന് യുവതി പറഞ്ഞ ശേഷം ടോയ്‍ലറ്റിലേക്ക് പോയി. പിന്നാലെ ചെന്ന പ്രതി കാമുകിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ബാഗില്‍ മൃതദേഹം ഒളിപ്പിച്ചു. 

ഫ്ലാറ്റില്‍ ഉണ്ടായിരുന്ന പണവും ആഭരണങ്ങളും പ്രതി മോഷ്‌ടിച്ചു. ദിവസങ്ങളായി യുവതിയുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്ന ഇവരുടെ മാതാപിതാക്കള്‍ ഒരു ബന്ധുവിനെ വിളിച്ച് അന്വേഷിച്ചതോടെയാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എല്ലാവരും ഒരു അവസരം അർഹിക്കുന്നു; 50 മില്യൺ ഡോളർ നേടാൻ വീണ്ടും അവസരം നൽകി എമിറേറ്റ്സ് ഡ്രോ
സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസ്, ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ