
ലണ്ടന്‍: യുകെയില്‍ വാഹനാപകടത്തില്‍ മലയാളി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ കേസില്‍ പ്രതിക്ക് 13 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. ലങ്കാഷെർ ബാബർ ബ്രിജിന് സമീപത്തെ പ്രസ്റ്റണിലായിരുന്നു സംഭവം ഉണ്ടായത്.
രഞ്ജു ജോസഫ് എന്ന 31കാരിക്കാണ് വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റതും തുടര്‍ന്ന് ഗർഭസ്ഥ ശിശു മരണപ്പെട്ടതും. അഞ്ച് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അപകടത്തില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചത്. 20കാരനായ ആഷിര്‍ ഷാഹിദ് ഓടിച്ച വാഹനമിടിച്ചാണ് രഞ്ജുവിന് പരിക്കേറ്റത്. കഴിഞ്ഞ സെപ്തംബറിലാണ് സംഭവം ഉണ്ടായത്.
ലങ്കാഷയറില്‍ കെയർ ഹോമിൽ രാത്രി ഷിഫ്റ്റിൽ ജോലിയിൽ കയറാനായി കാൽനട യാത്രക്കാർക്കുള്ള സീബ്ര ക്രോസിങ്ങിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ വാഹനം രഞ്ജു ജോസഫിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ രഞ്ജു ജോസഫിന് നട്ടെല്ലിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. അടിയന്തര ശസ്ത്രക്രിയയിലൂടെ അഞ്ചു മാസം പ്രായമുള്ള ആൺകുഞ്ഞിനെ പുറത്തെടുത്തെങ്കിലും വൈകാതെ കുട്ടി മരണത്തിന് കീഴടങ്ങി. ഗ്രേറ്റർ മാഞ്ചസ്റ്ററിലേക്ക് വാഹനം ഓടിച്ചുപോയ പ്രതി ഫാർൻവർത്തിൽ വാഹനം ഉപേക്ഷിച്ച് മുങ്ങി. അപകടത്തെ തുടർന്ന് രണ്ടാഴ്ച രഞ്ജു കോമയിൽ കഴിഞ്ഞു. അമിതവേഗത്തിലാണ് പ്രതി വാഹനം ഓടിച്ചത്.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലിൽ പൊലീസിനോട് ഇതിനെക്കുറിച്ച് പ്രതികരിക്കാൻ പ്രതി വിസമ്മതിച്ചു. പക്ഷേ, അപകടം നടന്ന ദിവസം വാഹനമിടിച്ച് അപകടമുണ്ടായാൽ ലഭിക്കുന്ന ശിക്ഷ ഇയാള്‍ ഓൺലൈനിൽ തിരഞ്ഞതായി പൊലീസ് കണ്ടെത്തി. കുറ്റവാളിയെ സഹായിച്ചതിന് പ്രതിയുടെ സഹോദരൻ സാം ഷാഹിദിനും പ്രസ്റ്റൺ ക്രൗൺ കോടതി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ജൂണിലാണ് പ്രതി കുറ്റക്കാരനാണെന്ന് പ്രസ്റ്റൺ ക്രൗൺ കോടതി കണ്ടെത്തിയത്. അഞ്ച് മാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ 13 വർഷവും അപകടകരമായ ഡ്രൈവിങ്ങിലൂടെ യുവതിക്ക് ഗുരുതരമായ പരുക്കേൽപ്പിച്ചതിന് 3 വർഷവുമാണ് തടവ് ശിക്ഷ. രണ്ട് ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് 15 വർഷവും ഒരു മാസത്തേക്കും സസ്പെൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam