
പാരിസ്: വിമാനത്താവളത്തില്‍ ലഗേജിന്റെ ഭാരം കൂടുന്നതിനെ തുടര്‍ന്നുള്ള പൊല്ലാപ്പുകള്‍ അനുഭവിച്ചിട്ടുള്ള നിരവധി പ്രവാസികളുണ്ടാവും. ബാഗ് തുറന്ന് അധികമുള്ള സാധനങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നതും വാങ്ങിയതെല്ലാം കൊണ്ടുപോകാന്‍ അധികം പണം നല്‍കേണ്ടി വന്നതുമായ അനുഭവങ്ങള്‍ മിക്കവാറും പ്രവാസികള്‍ക്കെല്ലാമുണ്ടാകും. എന്നാല്‍ ഒരു രൂപ പോലും അധികം കൊടുക്കാതെ എട്ട് കിലോ അധിക ലഗേജ് കൊണ്ടുവരാന്‍ ഒരു വിദേശി പയറ്റിയ തന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
സ്കോട്ട്‍ലന്റുകാരനായ ജോണ്‍ ഇര്‍വിന്‍ എന്നയാളെ ഫ്രാന്‍സിലെ ഒരു വിമാനത്താവളത്തിലാണ് അധിക ലഗേജിന്റെ പേരില്‍ ജീവനക്കാര്‍ പിടിച്ചുനിര്‍ത്തിയത്. അനുവദനീയമായ പരിധിയിലും എട്ട് കിലോഗ്രാം അധികം ലഗേജുണ്ടെന്നും അതിന് പണമടയ്ക്കണമെന്നുമായിരുന്നു ഈസി ജെറ്റ് എയര്‍ലൈന്‍ അധികൃതരുടെ ആവശ്യം. എന്നാല്‍ പണം നല്‍കാതിരിക്കാനായി താന്‍ കൊണ്ടുവന്ന ബാഗ് തുറന്ന് വസ്ത്രങ്ങളെല്ലാം ഇയാള്‍ പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നിനു മുകളില്‍ ഒന്നായി 15 ടീ ഷര്‍ട്ടുകളും അദ്ദേഹം തന്നെ ധരിച്ചു. ഇതോടെ ലഗേജില്‍ അധികമുണ്ടായിരുന്ന എട്ട് കിലോഗ്രാമിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടു. ശരീരത്തില്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഭാരം കണക്കാക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാര്‍ അന്തംവിട്ടിരുന്നു.
വിമാനത്താവളത്തിലെ കൗണ്ടറിന് മുന്നില്‍ വെച്ച് ടീ ഷര്‍ട്ടുകള്‍ ധരിക്കുന്ന ഇര്‍വിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഒപ്പമുണ്ടായിരുന്ന മകനാണ് പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. 30 ഡിഗ്രി ചൂടിനൊപ്പം അധികം ധരിച്ച 15 വസ്ത്രങ്ങളും കൂടിയായപ്പോള്‍ അച്ഛന്‍ വിയര്‍ത്തുകുളിച്ചെന്ന് മകന്‍ പറഞ്ഞു. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയും ദുഷ്കരമായിരുന്നു. തങ്ങള്‍ എന്തോ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നെന്ന സംശയത്താല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചെന്നും എന്നാല്‍ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ....
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam