കൊറോണ വൈറസ്; യുഎഇയില്‍ ഭീതി വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം

By Web TeamFirst Published Jan 23, 2020, 1:01 PM IST
Highlights

യുഎഇയിലെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍ കമ്മിറ്റി ബുധനാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും മറ്റ് ഏജന്‍സികളും പങ്കെടുത്തു.

അബുദാബി: കൊറോണ വൈറസ് ലോകമെമ്പാടും ഭീതിപരത്തുന്ന സാഹചര്യത്തില്‍ യുഎഇയില്‍ ഭീതി വേണ്ടെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. അത്യാവശ്യ ഘട്ടങ്ങളെയും പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളെയും നേരിടാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ രാജ്യത്തുണ്ടെന്ന് നാഷണല്‍ കമ്മിറ്റി ഫോര്‍ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സ് ആന്റ് കണ്‍ട്രോള്‍ ഓഫ് പാന്‍ഡെമിക്സ് അറിയിച്ചു. ലോകാരോഗ്യ സംഘടനയുമായി ഇക്കാര്യത്തില്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.

യുഎഇയിലെ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍ കമ്മിറ്റി ബുധനാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും മറ്റ് ഏജന്‍സികളും പങ്കെടുത്തു. ദുബായ് ഹെല്‍ത്ത് അതോരിറ്റി, അബുദാബി ആരോഗ്യ മന്ത്രാലയം, നാാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി, ജനറല്‍ അതോരിറ്റി ഓഫ് പോര്‍ട്സ്, ബോര്‍ഡര്‍ ആന്റ് ഫ്രീ സോണ്‍സ് സെക്യൂരിറ്റി, യുഎഇ എയര്‍പോര്‍ട്ട്സ് തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. 

ഇതുവരെ സ്വീകരിച്ച നടപടികള്‍ കൊറോണ വൈറസില്‍ നിന്ന് രാജ്യത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമാണ്. മറ്റ് രോഗങ്ങളെ അപേക്ഷിച്ച് ലോകമെമ്പാടും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകള്‍ പരിമിതമായ അളവില്‍ മാത്രമാണ് മറ്റുള്ളവരിലേക്ക് പകര്‍ന്നിട്ടുള്ളത്. കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ട്. രാജ്യത്ത് ഒരുതരത്തിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ല. വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തേക്ക് കടക്കാനുള്ള എല്ലാ പോയിന്റുകളിലും ഏര്‍പ്പെടുത്തിയിട്ടുള്ള സജ്ജീകരണങ്ങള്‍ യോഗം വിലയിരുത്തി. മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ ഭാഷകളിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

click me!