
റിയാദ്: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ പുതിയ കോൺസൽ ജനറലായി മുൻ ഡെപ്യൂട്ടി കോൺസൽ ജനറലും ഹജ്ജ് കോൺസലുമായിരുന്ന മുഹമ്മദ് ഷാഹിദ് ആലം നിയമിതനായി. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
കോൺസുൽ ജനറലായിരുന്ന മുഹമ്മദ് നൂർറഹ്മാൻ ശൈഖ് നാല് മാസം മുമ്പ് സ്ഥാനക്കയറ്റം കിട്ടി ദില്ലിയിലേക്ക് മടങ്ങിയിരുന്നു. ശേഷം പുതിയ കോൺസുൽ ജനറലായി ബീഹാർ സ്വദേശി സദർ എ. ആലമിനെ നിയമിച്ചിരുന്നെങ്കിലും അദ്ദേഹം ജിദ്ദയിലെത്തി ചുമതല ഏറ്റെടുത്തിരുന്നില്ല. അതിനിടെ 2022ൽ ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി അന്താരാഷ്ട്ര വിഭാഗം ചുമതല കേന്ദ്ര വിദേശകാര്യ മന്ത്രാലയം അദ്ദേഹത്തിന് നൽകിയതിനാലാണ് മുഹമ്മദ് ഷാഹിദ് ആലത്തെ കോൺസുൽ ജനറൽ ആയി നിയമിച്ചത്.
ജിദ്ദയിൽ ഡെപ്യൂട്ടി കോൺസൽ ജനറലായും ഹജ്ജ് കോൺസലായും മൂന്ന് വർഷം സേവനമനുഷ്ഠിച്ച് ഒരു വർഷം മുമ്പാണ് മുഹമ്മദ് ഷാഹിദ് ആലം ദില്ലിയിലെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങിയത്. ഝാർഖണ്ഡിലെ ധൻബാദ് സ്വദേശിയായ ഷാഹിദ് ആലം 2010 ജൂണിലാണ് ഐ.എഫ്.എസ് പരിശീലനം പൂർത്തിയാക്കിയത്. 2012 -മുതൽ 2014 വരെ കെയ്‌റോ ഇന്ത്യൻ എംബസിയിൽ സേവനമനുഷ്ഠിച്ചു. ഇക്കാലത്ത് അറബി ഭാഷാ പഠനം പൂർത്തിയാക്കി. 2014-15 വർഷങ്ങളിൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ രണ്ടാം സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നതിനിടെ 2015 നവംബറിലാണ് ജിദ്ദയിൽ ഹജ്ജ് കോൺസുലായി നിയമിതനാവുന്നത്. ഡോ. ഷക്കീല ഖാത്തൂനാണ് ഭാര്യ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam