കൊവിഡ് സാഹചര്യത്തിലും ദുബൈയ്ക്ക് ഉണർവ് ; 2020ൽ ദുബൈ എയർപോർട്ടിലുടെ യാത്രചെയ്തത് 17 ദശലക്ഷത്തിലധികം പേര്‍

By Web TeamFirst Published Jan 9, 2021, 11:04 PM IST
Highlights

കൊവിഡ് കാരണമായുണ്ടായ അസാധാരണ  സാഹചര്യങ്ങളെ നേരിടാനും എയർപോർട്ടിലുടെയുള്ള സുരക്ഷിതമായ  യാത്രയ്ക്കും, ജിഡിആർഎഫ്എ പ്രത്യേക സ്മാർട്ട് പദ്ധതി തന്നെ ആവിഷ്കരിച്ചിരുന്നു. ആഗോള തലത്തിൽ തന്നെ  നൂതനമായ പരിഹാര മാർഗങ്ങൾ യുഎഇ യാത്രാ നടപടികളിൽ കൈക്കൊണ്ടു. കൊവിഡ് യാത്രാ നിയന്ത്രണങ്ങൾക്ക് ശേഷം 2020 ജൂലൈയിലാണ്  വിമാന ഗതാഗതം വീണ്ടും പുനരാരംഭിച്ചത്. 

ദുബൈ : കൊവിഡ് സാഹചര്യത്തിലും ദുബൈ തങ്ങളുടെ ആവേശവും പ്രതാപവും പതിയെ വീണ്ടെടുക്കുന്നു. ഇതിന്റെ വലിയ സൂചകമാണ് ജി.ഡി.ആർ.എഫ്.എ കഴിഞ്ഞ ദിവസം പുറത്തുവിട്ട യാത്രക്കാരുടെ കണക്ക്. 2020ൽ ദുബൈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത് 17 ദശലക്ഷത്തിലധികം പേരാണെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി വെളിപ്പെടുത്തി.

ദുബൈ രാജ്യാന്തര വിമാനത്താവളങ്ങളിലെ പാസ്‍പോർട്ട് കൗണ്ടർ വഴി  1,78,89,183 പേരും സ്മാർട്ട്‌ ഗേറ്റിലുടെ 17,06,619 പേരുമാണ് യാത്ര ചെയ്‍തതെന്ന് അദ്ദേഹം പറഞ്ഞു.  കൊവിഡ് കാരണമായുണ്ടായ അസാധാരണ  സാഹചര്യങ്ങളെ നേരിടാനും എയർപോർട്ടിലുടെയുള്ള സുരക്ഷിതമായ  യാത്രയ്ക്കും, ജിഡിആർഎഫ്എ പ്രത്യേക സ്മാർട്ട് പദ്ധതി തന്നെ ആവിഷ്കരിച്ചിരുന്നു.

ആഗോള തലത്തിൽ തന്നെ  നൂതനമായ പരിഹാര മാർഗങ്ങൾ യുഎഇ യാത്രാ നടപടികളിൽ കൈക്കൊണ്ടു. കൊവിഡ് യാത്രാ നിയന്ത്രണങ്ങൾക്ക് ശേഷം 2020 ജൂലൈയിലാണ്  വിമാന ഗതാഗതം വീണ്ടും പുനരാരംഭിച്ചത്. അതിന് ശേഷം യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് ദിനംപ്രതി രേഖപ്പെടുത്തികൊണ്ടിരിക്കുന്നതെന്ന് മേജർ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു. 

കർശനമായ ആരോഗ്യ-സുരക്ഷാ നടപടികൾക്കിടയിൽ ലോകമെമ്പാടുമുള്ള യാത്രക്കാരെ സ്വീകരിക്കാൻ ദുബൈ സന്നദ്ധമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതുവത്സര അവധി ദിനങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടായത്.  യുഎഇ സ്വീകരിച്ച മുൻകരുതൽ നടപടികളിലുള്ള ആത്മവിശ്വാസമാണ് ലോകമെമ്പാടുമുള്ള യാത്രക്കാരെ രാജ്യത്തേക്ക് ആകർഷിച്ചത്. നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ച സ്മാർട്ട് ഗേറ്റ് വീണ്ടും പുനരാരംഭിച്ചത് നടപടികൾ വേഗത്തിലാക്കി. ഇതിലൂടെ സമ്പര്‍ക്ക രഹിത യാത്ര ഉറപ്പാക്കാൻ  സഹായിക്കുകയും ചെയ്തു. 

കൊവിഡ്  മഹാമാരിയുടെ പ്രത്യാഘാതങ്ങളെ  നേരിടാനും, എല്ലാവർക്കും സംരക്ഷണം ഉറപ്പാക്കാനുമുള്ള യുഎഇ സർക്കാരിന്റെ അസാധാരണ ശ്രമങ്ങളെയും, രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്ന സൗജന്യ  കൊവിഡ്  വാക്സിനേഷൻ പ്രചാരണങ്ങളെ മേജർ ജനറൽ  പ്രശംസിച്ചു. 2019ൽ ദുബൈയിലൂടെ യാത്ര ചെയ്തത് 86.4 ദശലക്ഷം പേരായിരുന്നു.
 

click me!