കൊവിഡ് വാക്‌സിന്‍: യുഎഇയില്‍ രണ്ടാമത്തെ ഡോസ് സ്വീകരിച്ചത് രണ്ടര ലക്ഷത്തിലധികം പേര്‍

By Web TeamFirst Published Jan 12, 2021, 7:08 PM IST
Highlights

ആരോഗ്യ പ്രവര്‍ത്തകര്‍, സൈനികര്‍, പൊലീസ് എന്നിവരുള്‍പ്പെടെ എല്ലാ കൊവിഡ് മുന്‍നിര പ്രവര്‍ത്തകരും വാക്‌സിന്‍ സ്വീകരിച്ചു. സ്വദേശികളും വിദേശികളും വയോധികരുമുള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് പുരോഗമിക്കുകയാണ്.

അബുദാബി: രാജ്യത്തെ എല്ലാ കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. രണ്ടര ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും ലഭ്യമാക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.

ഇന്നലെ മാത്രം 80,683പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതുവരെ 11,67,251 പേരാണ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. ദിവസേന അരലക്ഷത്തിലധികം ആളുകള്‍ യുഎഇയുടെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ സ്വീകരിക്കുന്നതായും മാര്‍ച്ച് മാസത്തിനകം തന്നെ 50 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, സൈനികര്‍, പൊലീസ് എന്നിവരുള്‍പ്പെടെ എല്ലാ കൊവിഡ് മുന്‍നിര പ്രവര്‍ത്തകരും വാക്‌സിന്‍ സ്വീകരിച്ചു. സ്വദേശികളും വിദേശികളും വയോധികരുമുള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് പുരോഗമിക്കുകയാണ്.

അതേസമയം കൊവിഡ് വാക്സിനെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചരണങ്ങള്‍ യുഎഇ ആരോഗ്യ - പ്രതിരോധ മന്ത്രാലയം നിഷേധിച്ചിരുന്നു. തിങ്കളാഴ്‍ച രാത്രി പുറത്തിറക്കിയ പ്രസ്‍താവനയിലാണ് വാക്സിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഔദ്യോഗിക സ്രോതസുകളില്‍ നിന്നോ വിശ്വാസ്യതയുള്ള കേന്ദ്രങ്ങളില്‍ നിന്നോ മാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ എന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിന് പുറമെ സാമൂഹിക മാധ്യമങ്ങള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കാതെ പ്രചരിപ്പിക്കുന്നത് നിയമനടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും അറിയിച്ചിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന എല്ലാവരും ഇതിന് ഉത്തരവാദികളായിരിക്കുമെന്ന മുന്നറിയിപ്പും ആരോഗ്യ പ്രതിരോധ മന്ത്രാലയം നല്‍കി.

The number of people who have received two doses of the vaccine has reached more than 250,000.

— NCEMA UAE (@NCEMAUAE)
click me!