യാത്രാനുമതി ലഭിച്ചിട്ടും ടിക്കറ്റില്ല; ഗര്‍ഭിണികളുള്‍പ്പെടെ 50തിലധികം മലയാളികള്‍ വിദേശത്ത് കുടുങ്ങി

By Web TeamFirst Published May 22, 2020, 12:13 PM IST
Highlights

ഗര്‍ഭിണികളും രോഗികളും വയോധികരും ഉള്‍പ്പെടെയുള്ള മലയാളികളാണ് വിമാനത്താവളത്തില്‍ ദീര്‍ഘനേരം പ്രതീക്ഷയോടെ കാത്തുനിന്ന ശേഷം നിരാശരായി മടങ്ങിയത്.

ലണ്ടന്‍: നാട്ടിലേക്ക് മടങ്ങാന്‍ യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ അനുമതി ലഭിച്ചിട്ടും വിമാന ടിക്കറ്റ് ലഭിക്കാതെ 50തിലധികം പ്രവാസി മലയാളികള്‍. യുകെയില്‍ നിന്നുള്ള പ്രവാസി മലയാളികളെ കേരളത്തിലേക്കെത്തിക്കുന്നതിനായി ലണ്ടനില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ അനുമതി ലഭിച്ചവര്‍ക്കാണ് ടിക്കറ്റില്ലാതെ യാത്ര മുടങ്ങിയത്.

യാത്രാനുമതി ലഭിച്ചിട്ടും ടിക്കറ്റ് സംബന്ധിച്ച് വിമാന അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു അറിയിപ്പും ലഭിച്ചില്ലെന്നും വിമാനം പുറപ്പെടുന്നത് വരെ ഹീത്രോ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വന്നതായും യാത്രാനുമതി ലഭിച്ച മലയാളികള്‍ പറഞ്ഞതായി 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു. ഗര്‍ഭിണികളും രോഗികളും വയോധികരും ഉള്‍പ്പെടെയുള്ള മലയാളികളാണ് വിമാനത്താവളത്തില്‍ ദീര്‍ഘനേരം പ്രതീക്ഷയോടെ കാത്തുനിന്ന ശേഷം നിരാശരായി മടങ്ങിയത്.

ലണ്ടനില്‍ നിന്ന് മുംബൈ വഴി ബുധനാഴ്ച രാവിലെ 7.30തിനാണ് എയര്‍ ഇന്ത്യ വിമാനം കൊച്ചിയിലെത്തിയത്. 188 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഈ വിമാനത്തില്‍ യാത്രാനുമതി നല്‍കി കൊണ്ട് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ തയ്യാറാക്കിയ പട്ടികയില്‍ പേരുണ്ടായിട്ടും എയര്‍ ഇന്ത്യ അധികൃതര്‍ വിളിച്ചില്ലെന്നും ടിക്കറ്റ് സംബന്ധിച്ച് യാതൊരു അറിയിപ്പും നല്‍കിയില്ലെന്നും യാത്ര മുടങ്ങിയ മലയാളികള്‍ ആരോപിക്കുന്നു. ഹൈക്കമ്മീഷന്‍ യാത്രാനുമതി നല്‍കിയ മലയാളികളുടെ പട്ടിക പരിഗണിക്കാതെ എയര്‍ ഇന്ത്യ അധികൃതര്‍ പ്രത്യേക പട്ടിക തയ്യാറാക്കുകയായിരുന്നെന്നാണ് ഇവരുടെ ആരോപണം. 

ഇത് സംബന്ധിച്ച് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍, വിമാന അധികൃതര്‍ എന്നിവരുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിശദീകരണം ലഭിച്ചില്ലെന്നാണ് യാത്ര മുടങ്ങിയ മലയാളികളുടെ പരാതി. ഹൈക്കമ്മീഷന്‍റെ അനുമതി ഇ മെയില്‍ സന്ദേശത്തിലൂടെ ലഭിച്ച ആളുകള്‍ എയര്‍പോര്‍ട്ടില്‍ കാത്തുനിന്നെങ്കിലും ഇവര്‍ക്ക് എയര്‍ ഇന്ത്യയില്‍ നിന്ന് ടിക്കറ്റ് ലഭിച്ചില്ല. 

ഈ വിഷയത്തില്‍ ഇന്ത്യന്‍ അധികൃതര്‍ ഇടപെടണമെന്നും അന്വേഷണം നടത്തണമെന്നുമാണ് തിരികെയെത്താന്‍ സാധിക്കാതിരുന്ന മലയാളികളുടെ ആവശ്യം. സംഭവത്തില്‍ പരാതി നല്‍കിയ യൂണിയന്‍ ഓഫ് യുകെ മലയാളീസ് അസോസിയേഷന്‍ തിരികെ നാട്ടിലെത്താന്‍ മറ്റൊരു വിമാനത്തിന് അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് കത്തെഴുതിയെന്നും 'ടൈംസ് ഓഫ് ഇന്ത്യ'യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പ്രതീകാത്മക ചിത്രം

 

click me!