
കുവൈത്ത് സിറ്റി: 20 ദിവസം മുമ്പ് കുവൈത്തില്‍ (Kuwait) കാണാതായ പ്രവാസി മലയാളിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയം വേലൂര്‍ സ്വദേശി മാളിയേക്കല്‍ നസിയ മന്‍സിലില്‍ മുഹമ്മദ് അന്‍സാറിന്റെ (45) മൃതദേഹമാണ് (mortal remains) ഫഹാഹീലിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ (Abandoned building) കണ്ടെത്തിയത്. 20 ദിവസം മുമ്പാണ് അന്‍സാറിനെ കാണാതായ സമയം മുതല്‍ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും അന്വേഷിച്ചു വരികയായിരുന്നു. വിവിധ ആശുപത്രികളിലടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
ഫഹാഹീലിലെ റെഡിമെയ്‍ഡ് ഷോപ്പിലായിരുന്നു അന്‍സാര്‍ ജോലി ചെയ്‍തിരുന്നത്. ജോലി സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് ബുധനാഴ്‍ച ഒരു മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചിരുന്നു. 20 ദിവസത്തോളം പഴക്കമുള്ള ഈ മൃതദേഹം അന്‍സാറിന്റേതാണെന്ന് ഞായറാഴ്‍ച നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിക്കുകയായിരുന്നു.
മുഹമ്മദ് ഇബ്രാഹിമിന്റെയും ബീമ ബീവിയുടെയും മകനാണ്. ഭാര്യ ദുബൈയില്‍ നഴ്‍സായി ജോലി ചെയ്യുകയാണ്. രണ്ട് മക്കളുണ്ട്. മൃതദേഹം കുവൈത്തില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam