മലയാളികള്‍ തുണയായി; സൗദിയില്‍ കുത്തേറ്റ് മരിച്ച ഇന്ത്യക്കാരന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

By Web TeamFirst Published Apr 15, 2021, 7:36 PM IST
Highlights

മൂന്നു മാസം മുമ്പാണ് കൊലപാതകം നടന്നത്. ആളൊഴിഞ്ഞ കോമ്പൗണ്ടില്‍ ഒരു മൃതദേഹം കിടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി പരിശോധന നടത്തുകയും അഴുകിയ നിലയിലായിരുന്ന മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.

റിയാദ്: സൗദി അറേബ്യയില്‍ കുത്തേറ്റ് മരിച്ച പശ്ചിമ ബംഗാള്‍ സ്വദേശിയുടെ മൃതദേഹം മലയാളികളുടെ മുന്‍കൈയ്യില്‍ നാട്ടിലെത്തിച്ചു. റിയാദ് പ്രവിശ്യയില്‍ സുലൈയില്‍ പട്ടണത്തിലെ താമസ സ്ഥലത്തിന് സമീപം വിജനമായ സ്ഥലത്ത് കുത്തേു മരിച്ച നിലയില്‍ കാണപ്പെട്ട കൊല്‍ക്കത്ത ജിബ നഗര്‍ സ്വദേശി ബിജോയ് മണ്ടലിന്റെ (28) മൃതദേഹമാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചത്.  റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.

മൂന്നു മാസം മുമ്പാണ് കൊലപാതകം നടന്നത്. ആളൊഴിഞ്ഞ കോമ്പൗണ്ടില്‍ ഒരു മൃതദേഹം കിടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തി പരിശോധന നടത്തുകയും അഴുകിയ നിലയിലായിരുന്ന മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. മൃതദേഹത്തിന്റെ നെഞ്ചിലും വയറ്റിലും കുത്തേറ്റിരുന്നു. സുഹൃത്തുക്കള്‍ തമ്മിലുണ്ടായ അടിപിടി മരണത്തില്‍ കലാശിച്ചതാണെന്നും മൂന്ന് ഇന്ത്യക്കാരെയും രണ്ട് ബംഗ്ലാദേശികളെയും അന്വേഷണ വിധേയമായി പിടികൂടുകയും പിന്നീട് ഒരു ഇന്തൃക്കാരനെ വിട്ടയക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. വിഷയത്തില്‍ ഇടപെട്ട് മൃതദേഹം നാട്ടിലെത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത മുസ്ലിം ലീഗ് ഘടകം നേതാവ് അബു ഹുസൈനും റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫയും റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗിനെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി എംബസിയില്‍ വിവരം നല്‍കി. അപ്പോഴാണ് മരിച്ച ബിജോയിയുടെ സഹോദരന്റെ കുടുംബം ഇദ്ദേഹത്തെ കുറിച്ച് ഏതാനും ദിവസങ്ങളായി ഒരു വിവരവുമില്ലെന്ന പരാതി എംബസിയില്‍ നല്‍കിയ വിവരം അറിയുന്നത്. പോലീസില്‍ നിന്നും റിയാദ് ഇന്ത്യന്‍ എംബസിയില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ കൊല്‍ക്കത്തയിലെ കുടുംബത്തെ അറിയിക്കുകയും ഈ വിഷയത്തില്‍ ഇടപെടാന്‍ കുടുംബം അനുവാദം നല്‍കുകയും ചെയ്തു. രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇദ്ദേഹം സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയതാണെന്ന് അറിഞ്ഞത്.

മൃതദേഹം നാട്ടിലെത്തിക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ എല്ലാ സഹായങ്ങളും നല്‍കിയതോടെയാണ് പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കാനായത്. നാട്ടിലയക്കുന്നതിനുള്ള സാമ്പത്തിക സഹായവും എംബസി നല്‍കി. മാതാപിതാക്കളുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം റിയാദില്‍ നിന്ന് എമിറേറ്റ്സ്  വിമാനത്തില്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു. കുടുംബത്തിന് നീതി കിട്ടും വരെ ഈ വിഷയവുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് മുന്നോട്ട് പോകുമെന്ന് ചെയര്‍മാന്‍ റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കലും അറിയിച്ചു.


 

click me!