കൊവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം സംസ്കരിച്ചു

By Web TeamFirst Published Jun 12, 2021, 2:05 PM IST
Highlights

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റിയാദ്: കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരണപ്പെട്ട എറണാകുളം നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശി കളത്തില്‍ ചന്ദ്രന്റെയും പ്രേമയുടെയും മകന്‍ ബിനോയ് ചന്ദ്രന്റെ (50) മൃതദേഹം സംസ്കരിച്ചു. റിയാദില്‍ നിന്നും 240 കിലോമീറ്റര്‍ അകലെയുള്ള ദവാദ്മിയിലാണ് മൃതദേഹം സംസ്‌കരിച്ചത്. 25 വര്‍ഷത്തിലേറെയായി സൗദിയിലുണ്ടായിരുന്ന ബിനോയ് ചന്ദ്രന്‍ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു.

അല്‍മറായി തുടങ്ങിയ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ ലേഖ, വിദ്യാര്‍ത്ഥികളായിരുന്ന ആദിത്യ, അഭിമന്യു, ആരാധ്യ എന്നിവരോടൊപ്പം കുടുംബസമേതം റിയാദിലായിരുന്നു താമസിച്ചിരുന്നത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് മൃതദേഹം മറവു ചെയ്യാന്‍ താമസം നേരിടുന്നതിനാലും, ബിനോയ് ചന്ദ്രന്റെ കുടുംബത്തെ പെട്ടന്ന് നാട്ടില്‍ അയക്കുന്നതിനുമായി സൗദി അധികൃതരില്‍ നിന്നും പ്രത്യേക അനുമതി കരസ്ഥമാക്കിയാണ് മൃതദേഹം പെട്ടന്ന് സംസ്കരിച്ചത്. കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദവാദ്മി ഏരിയ ജീവകാരുണ്യ വിഭാഗമാണ് മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത്. സംസ്‌കാര ചടങ്ങില്‍ കേളി ജീവകാരുണ്യ പ്രവര്‍ത്തകരും മറ്റു സാമൂഹ്യ പ്രവര്‍ത്തകരും സംബന്ധിച്ചിരുന്നു.

ഫോട്ടോ: ബിനോയ് ചന്ദ്രന്റെ സംസ്‌കാരം നടത്തിയ സമൂഹ്യപ്രവര്‍ത്തകര്‍ ദവാദ്മി ശ്മശാനത്തില്‍ (ഇന്‍സെറ്റില്‍ ബിനോയ് ചന്ദ്രന്‍)

click me!