സൗദിയില്‍ മരിച്ച നഴ്‌സുമാരുടെ മൃതദേഹം വൈകാതെ നാട്ടിലെത്തിക്കും

By Web TeamFirst Published Jun 6, 2021, 6:54 PM IST
Highlights

വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു മലയാളികള്‍ക്ക് പരിക്കേറ്റിരുന്നു. സ്നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിലുള്ളത്.

തിരുവനന്തപുരം: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാരായ അശ്വതി വിജയന്റെയും ഷിന്‍സി ഫിലിപ്പിന്റെയും ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി നോര്‍ക്ക അറിയിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസിയുമായും  ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും അപകടത്തെ തുടര്‍ന്ന് ബന്ധപ്പെട്ടെന്നും തുടര്‍ നടപടികള്‍ ത്വരിതഗതിയില്‍ നടക്കുകയാണെന്നും നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ.ഹരികൃഷ്ണന്‍ കെ. നമ്പൂതിരി അറിയിച്ചു.

ഇന്നലെ(ശനിയാഴ്ച)യാണ് സൗദി അറേബ്യയിലെ തെക്കന്‍ അതിര്‍ത്തി പട്ടണമായ നജ്റാനിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവര്‍ മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു മലയാളികള്‍ക്ക് പരിക്കേറ്റിരുന്നു. സ്നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിലുള്ളത്. നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരായ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!