ബോധപൂര്‍വം അപകടമുണ്ടാക്കിയ ഡ്രൈവര്‍ നാല് ലക്ഷം നഷ്‍ടപരിഹാരം നല്‍കണം

By Web TeamFirst Published Oct 6, 2021, 11:12 AM IST
Highlights

വാഹനം ഓടിച്ചിരുന്ന അറബ് യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പരിക്കേറ്റയാളിന് രണ്ട് ശതമാനം സ്ഥിര വൈകല്യം സംഭവിക്കുകയും ചെയ്‍തു.

അബുദാബി: റോഡില്‍ മനഃപൂര്‍വം അപകടമുണ്ടാക്കിയ ഡ്രൈവര്‍ യുഎഇയില്‍ (UAE) 20,000 ദിര്‍ഹം (നാല് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്‍ടപരിഹാരം (Compensation) നല്‍കണം. അല്‍ ഐന്‍ (Al Ain) റോഡില്‍ സ്വന്തം കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിപ്പിക്കുക വഴി ഒരാള്‍ക്ക് പരിക്കേറ്റ സംഭവത്തിലാണ് അല്‍ ഐന്‍ പ്രാഥമിക സിവില്‍ കോടതിയുടെ വിധി. നഷ്‍ടപരിഹാരത്തിന് പുറമെ പരാതിക്കാരന്റെ കോടതി ചെവലുകളും പ്രതി വഹിക്കണം.

വാഹനം ഓടിച്ചിരുന്ന അറബ് യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. പരിക്കേറ്റയാളിന് രണ്ട് ശതമാനം സ്ഥിര വൈകല്യം സംഭവിക്കുകയും ചെയ്‍തു. ഇയാളുടെ കൈകള്‍ക്കും കാലിനും പരിക്കേറ്റതായും മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. തനിക്കുണ്ടായ പരിക്കുകള്‍ക്കും മറ്റ് നഷ്‍ടങ്ങള്‍ക്കും പരിഹാരമായി 50,000 ദിര്‍ഹം ആവശ്യപ്പെട്ടാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. മനഃപൂര്‍വം വാഹനം ഇടിപ്പിച്ചതാണെന്നും പരിക്കുകള്‍ കാരണം താന്‍ ദീര്‍ഘനാള്‍ ആശുപത്രിയില്‍ കഴിഞ്ഞുവെന്നും ശസ്‍ത്രക്രിയക്ക് വിധേയനാകേണ്ടി വന്നുവെന്നും ഇയാള്‍ ആരോപിച്ചു. നേരത്തെയും പ്രതി ഒരിക്കല്‍ തന്റെ വാഹനത്തില്‍ സ്വന്തം കാര്‍ ഇടിച്ചുകയറ്റിയിട്ടുണ്ടെന്നും അന്ന് 5000 റിയാല്‍ പിഴ ലഭിച്ചതാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി 20,000 ദിര്‍ഹം നഷ്‍ടപരിഹാരവും പരാതിക്കാരന്റെ കോടതി ചെലവുകളും നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

click me!