'ബേക്കറി തുടങ്ങാം നിര്‍ത്തി വരൂ.. ഗൾഫിൽ വിളിച്ച് സജ്ന പറയും; ഇപ്പോ ബേക്കറി തുറന്നപ്പോൾ..' നൗഫലിന്റെ 'ജൂലൈ 30'

Published : Nov 27, 2024, 10:11 AM ISTUpdated : Nov 27, 2024, 12:11 PM IST
'ബേക്കറി തുടങ്ങാം നിര്‍ത്തി വരൂ.. ഗൾഫിൽ വിളിച്ച് സജ്ന പറയും; ഇപ്പോ ബേക്കറി തുറന്നപ്പോൾ..'  നൗഫലിന്റെ 'ജൂലൈ 30'

Synopsis

'എന്റെ കടയ്ക്ക് ഇതല്ലാതെ മറ്റൊരു പേരും ചേരില്ല' നടുക്കുന്ന ഓർമ്മകളെ ചേർത്ത് വച്ചൊരു പേര് ‘ജൂലൈയ് 30; മേപ്പാടി ടൗണിൽ നൗഫലിന്റെ സ്നേഹക്കട

മേപ്പാടി: പ്രവാസിയായ നൗഫൽ മേപ്പാടി ടൗണിൽ ഒരു കട തുടങ്ങി. അതിന് ഇതല്ലാതെ മറ്റൊരു പേര് ആലോചിക്കേണ്ടി വന്നില്ല അദ്ദേഹത്തിന്, 'ജൂലൈ 30'. ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിന്റെ കുത്തിയൊലിക്കുന്ന ഓർമ്മകളുടെ കരുത്തിൽ നൗഫൽ തുടങ്ങിയ ബേക്കറിക്കാണ് ജൂലൈ 30 എന്ന പേര് നൽകിയത്. ദുരന്തത്തിൽ തന്റെ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട് തീർത്തും ഒറ്റപ്പെട്ട് പോയ നൗഫൽ ഗൾഫിൽ നിന്ന് ദുരന്തഭൂമിയിലേക്കെത്തിയ കാഴ്ച ഇന്നും മലയാളി ഓര്‍ക്കുന്നുണ്ടാകും. കുത്തിയൊലിക്കുന്ന ഓർമ്മകളുടെ കരുത്തിൽ നൗഫൽ ഉയർത്തിയ അതിജീവനത്തിന്റെ മധുരക്കടയെ കുറിച്ചാണ് ടി സിദ്ദിഖ് എംഎൽഎയുടെ കുറിപ്പ്.

സിദ്ദിഖിന്റെ കുറിപ്പ്

'മേപ്പാടി ടൗണിൽ നൗഫൽ ഒരു സ്നേഹക്കട തുറന്നു. നടുക്കുന്ന ഓർമ്മകളെ ചേർത്തുവെച്ച് അതിനൊരു പേരുമിട്ടു -‘ജൂലൈ 30’. പ്രകൃതി താണ്ഡവമാടിയ ജൂലായ് 30-ലെ ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിന്റെ കുത്തിയൊലിക്കുന്ന ഓർമ്മകളുടെ കരുത്തിൽ നൗഫൽ ഉയർത്തിയത് അതിജീവനത്തിന്റെ മധുരക്കട... ദുരന്തത്തിൽ തന്റെ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട തീർത്തും ഒറ്റപ്പെട്ട് പോയ നൗഫൽ … ഗൾഫിൽ നിന്ന് ദുരന്തഭൂമിയിൽ വന്നിരുന്ന നൗഫലിനെ ആർക്കും മറക്കാൻ കഴിയില്ല.

'എന്റെ കടയ്ക്ക് ഇതല്ലാതെ മറ്റൊരു പേരും ചേരില്ല...' -ഇടറുന്ന ശബ്‌ദത്തെ തെല്ലൊന്ന് മെരുക്കിക്കൊണ്ട് നൗഫൽ പറഞ്ഞു. 'ഗൾഫിലെ ജോലിസ്ഥലത്തേക്ക് വിളിക്കുമ്പോൾ എത്രയും പെട്ടെന്ന് നിർത്തിപ്പോരണമെന്നേ ഭാര്യ സജ്നയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ... ഇവിടെ ബേക്കറി തുടങ്ങാം, ഒരുമിച്ച് ജീവിക്കാമെന്നായിരുന്നു പറയാറ്. ഇപ്പോ ബേക്കറിയായപ്പോൾ...' -നൗഫലിന്റെ വാക്കുകൾ മുറിയുന്നു. മേപ്പാടി-തൊള്ളായിരംകണ്ടി റോഡിലാണ് 'ജൂലൈ30 റെസ്റ്റോറന്റ് ആൻഡ് ബേ‌ക്സ്' കട തുറന്നതറിഞ്ഞ് എത്തിയവരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു നൗഫൽ. കടയ്ക്കുള്ളിൽ കയറിയാൽ മാഞ്ഞുപോകാത്തൊരു മുണ്ടക്കെ അങ്ങാടിയെയും കാണാം. ചായങ്ങൾ ചാലിച്ചു വരച്ച പച്ചവിരിച്ച പഴയ മുണ്ടക്കൈ. ഓർമ്മകളിൽ മാത്രമുള്ള മുണ്ടക്കൈ...

കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം.) ആണ് നൗഫലിനായി അതിജീവനത്തിന്റെ പുതിയ പാത തുറന്നത്. 'ഉപജീവനത്തിനായി എന്തുതുടങ്ങുമെന്ന് കെ.എൻ.എം. അധികൃതർ ചോദിച്ചപ്പോൾ ബേക്കറി എന്നല്ലാതെ മറ്റൊരു ഉത്തരം എനിക്കുണ്ടായില്ല. ഞങ്ങളുടെ ആഗ്രഹങ്ങളും എന്റെ ഓർമ്മകളും... അങ്ങനെയെല്ലാമാണ് ഈ സ്ഥാപനം' -നൗഫൽ പറഞ്ഞു. നൗഫലിനെ പോലെ ഒരാൾക്ക് ഇനി പുഞ്ചിരിക്കാൻ കഴിയുമോ? ജീവിതം തിരിച്ച് പിടിക്കാൻ കഴിയുമോ? ഇത്രയും ആഴത്തിൽ ദുഃഖമേറ്റ് വാങ്ങിയ ഒരു മനുഷ്യൻ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്.. ഈ ദുരന്തത്തിന്റെ മുറിവ് ഞങ്ങൾ തുന്നിക്കെട്ടും, ഉണക്കിയെടുക്കും... മേപ്പാടി വഴി 900 കാണ്ടിയിലേക്ക് പോകുന്നവർ നൗഫലിന്റെ 'JULY 30'-ൽ കയറണം.. ചായ കുടിക്കണം.. ആ മധുരമൊന്ന് നുണയണം.. നമ്മളൊക്കെ കൂടെ ഉണ്ടെന്ന് പറയാതെ പറയണം..

വയനാട് ഉരുൾപൊട്ടൽ പുനരധിവാസം; ടൗൺഷിപ്പിനായി 504 കുടുംബങ്ങളുടെ പ്രാഥമിക പട്ടിക തയ്യാറാക്കി മേപ്പാടി പഞ്ചായത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം