ഷഹീന്‍ ചുഴലിക്കാറ്റ്; ഒമാനില്‍ നാളെ മുതല്‍ ബസ്‍, ഫെറി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്‍ക്കും

By Web TeamFirst Published Oct 2, 2021, 6:21 PM IST
Highlights

അതേസമയം സലാലയിലെ സിറ്റി ബസ്‍ സര്‍വീസുകളും ഷാന - മാസിറ റൂട്ടിലെ ഫെറി സര്‍വീസും ഉണ്ടായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

മസ്‍കത്ത്: ഒമാനില്‍ ഷഹീന്‍ ചുഴലിക്കാറ്റ് (Cyclone Shaheen) മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ബസ്‍, ഫെറി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്‍ക്കുന്നു. ഒക്ടോബര്‍ മൂന്ന് ഞായറാഴ്‍ച മുതലാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്‍ക്കുന്നതെന്ന് ദേശീയ ഗതാഗത കമ്പനിയായ മവാസലാത്ത് (Mwasalat) അറിയിച്ചു. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും നിയന്ത്രണം ബാധകമാണ്.

അതേസമയം സലാലയിലെ സിറ്റി ബസ്‍ സര്‍വീസുകളും ഷാന - മാസിറ റൂട്ടിലെ ഫെറി സര്‍വീസും ഉണ്ടായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മസ്‍കത്ത് ഗവര്‍ണറേറ്റിലെ സിറ്റി ബസ് സര്‍വീസുകളും എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള ഇന്റര്‍സിറ്റി സര്‍വീസുകളും പൂര്‍ണമായി നിര്‍ത്തിവെയ്‍ക്കും. മുസന്ദം ഗവര്‍ണറേറ്റിലുള്ള എല്ലാ ഫെറി സര്‍വീസുകളും നിര്‍ത്തിവെയ്‍ക്കും. രാജ്യത്ത് വരും മണിക്കൂറുകളില്‍ പ്രതീക്ഷിക്കപ്പെടുന്ന മോശം കാലാവസ്ഥ സര്‍വീസുകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് സര്‍വീസുകള്‍ നിര്‍ത്തിവെയ്‍ക്കുന്നതെന്നും അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബസ് - 24121500, 24121555. ഫെറി - 80072000. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് രാജ്യത്തെ പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി.

 

click me!